Sunday, July 18, 2010

ഗതി മാറ്റങ്ങള്‍


ഈ ചെറുമുറ്റത്തും പറമ്പിലും
വളഞ്ഞും തിരിഞ്ഞും പോകുമീ
കൈത്തോട്ടില്‍ പുളഞ്ഞ്
കളിച്ചുമദിച്ചുല്ലസിക്കുന്നു  നീ

ഏതോ കൊടുമുടി കുടഞ്ഞിട്ട
കുളിരരുവിതന്‍ കുഞ്ഞുകൈവഴി
നീയെത്ര ദൂരം പിന്നിട്ടമ്മതന്‍
നെഞ്ചിലൊട്ടി കിടന്നാമോദം

തീരമെത്ര മാടി വിളിച്ചിട്ടും
പിരിഞ്ഞില്ലമ്മയെ കൂടെപ്പിറന്നോരെ
ഒരുമിച്ചൊടുങ്ങാന്‍ കഴിയില്ലെന്നറികിലും
ഉള്ള കാലം ഉല്ലസിക്കാന്‍ നിനച്ചോര്‍

നിര്‍ദ്ദയം ചിലര്‍ വലിച്ചെറിയും
വിഷമാലിന്യങ്ങളേറ്റുവാങ്ങി
പകയേതുമില്ലാതെ തുടരുന്നു
പ്രയാണം പരോപകാരാര്‍ത്ഥം!

തടയിണയില്‍ തട്ടി വഴി തിരിഞ്ഞെത്തിയ നീ
കലഹിക്കാത്തതെന്തേ
നിന്‍ ഗതി തിരുത്തിയോരെ ശപിക്കാതെ
ചിരിച്ചു തള്ളുന്നതെന്തേ ജീവിതം

നിന്നില്‍ പുളഞ്ഞുനീന്തിയ മത്സ്യംപോല്‍
കരയില്‍ പിടഞ്ഞുമരിക്കാനാണ്
യാത്രയെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്കായി
ജീവത്യാഗത്തിനു ഒട്ടുമില്ലല്ലോ ശങ്ക
മനസ്സ്പോല്‍ സംശുദ്ധം നിന്‍ കര്‍മവും
ഇന്നെന്‍ പറമ്പിലീ തെങ്ങിന്‍ച്ചോട്ടില്‍
നിന്‍ സ്പന്ദനം നിലയ്ക്കുമ്പോള്‍
നിര്‍ന്നിമേഷനായ് സ്മരിക്കുന്നു ഞാന്‍
നിന്‍ സേവനം അന്ത്യശ്വാസംവരെ

ഈ മര്‍ത്ത്യജന്മത്തിനാകുമോ
ഇത്രമേല്‍ കൃതാര്‍ത്ഥമാമൊരന്ത്യം

No comments: