Tuesday, September 28, 2010

കാരണമറിയില്ല

നട്ടുച്ച നേരത്ത്
ഓടിക്കിതച്ചു ഞാന്‍ വീട്ടിലെത്തുമ്പോള്‍
അമ്മ വിളമ്പിത്തരും
ചാക്കരിക്കഞ്ഞിയില്‍
കണ്ണീരുപ്പുകലര്‍ന്നിരുന്നത്
അന്നൊന്നുമറിഞ്ഞില്ല   ഞാന്‍

തൊട്ടുകൂട്ടാന്‍ തരും
വാളന്‍പുളി ചമ്മന്തിയില്‍
എരിവുകുറഞ്ഞത്‌
മുറ്റത്തെ മുളകുചെടിയില്‍ 
കാ‍ന്താരി
മൂക്കാത്തതുകൊണ്ടാണെന്ന്
അറിഞ്ഞിരുന്നില്ല ഞാന്‍

പെരുവഴിയോരത്തെ 
നാട്ടുമാവില്‍ മൂത്തമാങ്ങയും
അതിനടുത്തൊരു പക്ഷിക്കൂടും
കണ്ടാല്‍ കല്ലെറിയാതെ
കടന്നുപോയൊരെന്‍ ബാല്യം
കൂട്ടുകാര്‍ക്കന്നു പുച്ഛമായതിന്‍
കാരണമറിയില്ല

ഉച്ചതിരിഞ്ഞ്
പതിവുള്ള ശര്‍ക്കരക്കാപ്പിക്കൊപ്പം
കാച്ചിലോ, കപ്പയോ
കഴിക്കാനുണ്ടാകുമെന്നു
വിശപ്പിനോടു കുശലംപറഞ്ഞു
വീട്ടിലെത്തുമ്പോള്‍
കാപ്പിപോ,ലുമില്ലെന്നറിഞ്ഞ്
കരയാതിരുന്നതിന്‍ കാരണമറിയില്ല

മണ്ണെണ്ണവിളക്കിന്‍റെ
ചെറുതിരിവെട്ടത്തില്‍
ഉറക്കെ  വായിച്ചെത്ര പഠിച്ചിട്ടും
ക്ലാസ്സില്‍ കുട്ടികൃഷ്ണന്‍മാഷ്
ചോദിക്കുമ്പോള്‍ ഉത്തരം കിട്ടാത്തത് പോല്‍
നന്ദികേടിന്‍റെ പാഠങ്ങള്‍
ഇന്നും മറക്കുന്നതിന്‍
കാരണമറിയില്ല

ചിരിച്ചു കാണിക്കുന്നോരെയെല്ലാം
ചേര്‍ത്തുവെച്ചിട്ടു ഞാന്‍ വെറുതെ
നെഞ്ചുപൊള്ളിക്കുന്നതിന്‍ കാരണമറിയില്ല



വെയിലും, മഴയും പോല്‍
ഒളിച്ചുകളിക്കുന്നോര്‍മകള്‍
നൊമ്പരച്ചുഴിയില്‍വീണ്‌
മുങ്ങിത്താഴുന്നതിന്‍ കാരണമറിയില്ല