Sunday, June 23, 2013

ഖേദപൂർവ്വം

'കാറ്റെങ്ങാനും വന്നാൽ
പിന്നെ കളിയും ചിരിയും
ആട്ടവും ഇളക്കവും കൂടും
തൊട്ടടുത്ത് പുരയുണ്ടെന്നോ
ആളുകളുണ്ടെന്നോ
വീണ്ടുവിചാരമില്ലാതെ
വല്ലാത്ത വളച്ചിലും പുളച്ചിലും'
എന്നതായിരുന്നു പരാതി

കാണുന്നവർക്ക്
ആശങ്ക ഇല്ലാതിരിക്കുമോ

പ്രായം നോക്കണ്ടേ
പണ്ടത്തെ കരുത്തും കാഫലവും
ഇനി ഉണ്ടാകില്ലെന്ന്
അനുഭവമുണ്ടല്ലോ

അടുത്ത് നിന്നിരുന്ന
കവുങ്ങിന്റെ തലയെടുത്ത്
അകലെകൊണ്ടുവെച്ച
കാറ്റിന്റെ ക്രൂരത കണ്ടപ്പോൾ
വീടിനകത്ത് ഭയാശങ്കകളുടെ
കൊള്ളിയാൻ മിന്നി

'പൊന്നു കായ്ക്കുന്ന
മരമായാലും പുരയ്ക്ക് മേലെ
വന്നാൽ വെട്ടണ'മെന്ന
വീട്ടുകാരുടെ ഓർമ്മപ്പെടുത്തൽ
ഉണങ്ങിയ പട്ടകളുടെ
ഓർക്കാപ്പുറത്തുള്ള പതനം
ചോട്ടിലോടി കളിക്കുന്ന പേരക്കുട്ടി
മുന്നറിയിപ്പുകളവഗണിക്കാൻ വയ്യ

ഗത്യന്തരമില്ലാതെയാണ്
നിൻറെ തലയും കടയും വെട്ടി
കഥകഴിക്കാൻ ഞാൻ
മൗനാനുവാദം നൽകിയത്

ഭീതിരഹിതമായൊരു
സ്വൈര്യജീവിതത്തിന്
ഉപകാര സ്മരണകൾ
ഉപേക്ഷിക്കേണ്ടിവന്നു

എനിക്കറിയാം നമുക്ക്
പരസ്പരം ഗുണകരവും
വികാരപരവുമായ
കുറെ സമാനതകളുണ്ട്

ഞാനോർക്കുന്നു
എൻറെ ഉമ്മ നിന്നെ നട്ടു
പരിപാലിച്ചു വളർത്തിയ
പഴയ കാലത്തിൻറെ
നനവ്‌ മാറാത്ത പരിസരം
നീ തന്ന ഇളനീർ മധുരവും
തേങ്ങക്കാമ്പിന്റെ രുചിയും
നീയും മനസ്സറിഞ്ഞ്
ഞങ്ങളെ സ്നേഹിച്ചിട്ടുണ്ട്
മറക്കാൻ കഴിയില്ല

ഇപ്പോൾ ഉപയോഗം
തീരെ കുറഞ്ഞെങ്കിലും
ഓലയും കൊതുമ്പും മടലും
ഇന്നും വിറകുപുരയിൽ
ചിതലിനോട് മല്ലിടുന്നുണ്ട്
ഓർമ്മയുടെ അവശിഷ്ടങ്ങളവ

ഖേദപൂർവ്വം നമ്മളിന്ന്
പിരിയുമ്പോൾ പുറത്ത്
കറുത്ത കാതലുള്ള നീ
കത്തി ചാമ്പലാകാനല്ലല്ലോ
പോകുന്നതിപ്പോളെന്ന
ആശ്വാസമെനിക്കുണ്ട്
കട്ടിലോ മേശയോ കസേരയോ
എതെങ്കിലുമൊരു വേഷത്തിൽ
പുതിയ രൂപത്തിൽ
എവിടെയെങ്കിലും നീ
സ്നേഹസ്പർശമേറ്റ് ഇനിയും
സേവിക്കുമല്ലോ മനുഷ്യരെ

പ്രായാധിക്യം  പ്രയോജനപ്പെടും
ചിലപ്പോളത് പ്രയാസവും
ചെറുപ്പത്തിന് ചുറുചുറുക്കും
ചേലുമുണ്ടാകിലും കാതലുണ്ടാകില്ല



                 



'