Thursday, September 12, 2013

തിരസ്കാരങ്ങളുടെ രക്തസാക്ഷികൾ

ഉറിയിൽ
തൂങ്ങിക്കിടന്ന്
ഉമിക്കരിക്കുടുക്ക
മുതിർന്നവരെ
പേരെടുത്തു വിളിച്ചു
തിരിഞ്ഞു നോക്കുന്നില്ല
മുൻപരിചയം
പുതുക്കാൻ മടിക്കുന്നു

മറവിക്കാരോട്
മുറവിളികൂട്ടുമ്പോളും
പുതുമക്കാരെ
ക്ഷണിച്ചുനോക്കി

ഇല്ല; കണ്ടഭാവമില്ല!
നീട്ടി തുപ്പുന്നത്
വെളുപ്പാണെങ്കിലും
വെറുപ്പിൻറെ നുര

തൊട്ടടുത്ത്‌
കിണറ്റിൻ കരയിൽ
പണിയൊന്നുമില്ലാതെ
കപ്പിയും കയറും
പഴങ്കഥകൾ പകുത്ത്
പങ്കുവെയ്ക്കുന്നു
അരിവാളും
വെട്ടുകത്തിയും പോലെ
തുരുമ്പിച്ചു തീരാനാണ്
നമ്മുടേം വിധിയെന്ന
ആത്മഗതം   
സങ്കടക്കിണറാഴങ്ങളിൽ നിന്ന്
കോരിയെടുക്കുന്നു
തകരബക്കറ്റ്

വീട്ടുമുറ്റത്തും
തൊടിയിലും മാത്രമല്ല
ഉമ്മറപ്പടിയിലും
അടുക്കളക്കോലായിലും
തിരസ്കാരങ്ങളുടെ
രക്തസാക്ഷികൾ വേറേയുമുണ്ട്




Sunday, July 7, 2013

ഏഴ് ഹൈക്കുകൾ

നിറവയറുമായ് പുഴ 
നടവഴിയിൽ 
പെരുമഴയുടെ വിരുത്

ഒരു പുറം വായിച്ചു 
മറുപുറം മായിച്ചു 
നീയാണ് നീതന്നെയാണ് ശരി

മിഴി നട്ടു 
മൊഴി പടർന്നു 
മനം കായ്ച്ചു 

ചാഞ്ഞ കണ്ണിൽ 
ഓടിക്കേറാൻ പറ്റില്ല 
നുഴഞ്ഞുകയറണം 

ഓലക്കുടിൽ മുറ്റത്ത് 
ഓലക്കുടി 
തീപ്പേടിയിൽ 

മക്കൾ ചിണുങ്ങുമ്പോൾ 
അമ്മ അലിയും 
മറക്കുമ്പോൾ അലയും 

ജാതിപത്രിയും കായും 
ജന്മബന്ധം വേർപ്പെടുത്തുന്നു 
കച്ചവടക്കണ്ണ്‍ 

Sunday, June 23, 2013

ഖേദപൂർവ്വം

'കാറ്റെങ്ങാനും വന്നാൽ
പിന്നെ കളിയും ചിരിയും
ആട്ടവും ഇളക്കവും കൂടും
തൊട്ടടുത്ത് പുരയുണ്ടെന്നോ
ആളുകളുണ്ടെന്നോ
വീണ്ടുവിചാരമില്ലാതെ
വല്ലാത്ത വളച്ചിലും പുളച്ചിലും'
എന്നതായിരുന്നു പരാതി

കാണുന്നവർക്ക്
ആശങ്ക ഇല്ലാതിരിക്കുമോ

പ്രായം നോക്കണ്ടേ
പണ്ടത്തെ കരുത്തും കാഫലവും
ഇനി ഉണ്ടാകില്ലെന്ന്
അനുഭവമുണ്ടല്ലോ

അടുത്ത് നിന്നിരുന്ന
കവുങ്ങിന്റെ തലയെടുത്ത്
അകലെകൊണ്ടുവെച്ച
കാറ്റിന്റെ ക്രൂരത കണ്ടപ്പോൾ
വീടിനകത്ത് ഭയാശങ്കകളുടെ
കൊള്ളിയാൻ മിന്നി

'പൊന്നു കായ്ക്കുന്ന
മരമായാലും പുരയ്ക്ക് മേലെ
വന്നാൽ വെട്ടണ'മെന്ന
വീട്ടുകാരുടെ ഓർമ്മപ്പെടുത്തൽ
ഉണങ്ങിയ പട്ടകളുടെ
ഓർക്കാപ്പുറത്തുള്ള പതനം
ചോട്ടിലോടി കളിക്കുന്ന പേരക്കുട്ടി
മുന്നറിയിപ്പുകളവഗണിക്കാൻ വയ്യ

ഗത്യന്തരമില്ലാതെയാണ്
നിൻറെ തലയും കടയും വെട്ടി
കഥകഴിക്കാൻ ഞാൻ
മൗനാനുവാദം നൽകിയത്

ഭീതിരഹിതമായൊരു
സ്വൈര്യജീവിതത്തിന്
ഉപകാര സ്മരണകൾ
ഉപേക്ഷിക്കേണ്ടിവന്നു

എനിക്കറിയാം നമുക്ക്
പരസ്പരം ഗുണകരവും
വികാരപരവുമായ
കുറെ സമാനതകളുണ്ട്

ഞാനോർക്കുന്നു
എൻറെ ഉമ്മ നിന്നെ നട്ടു
പരിപാലിച്ചു വളർത്തിയ
പഴയ കാലത്തിൻറെ
നനവ്‌ മാറാത്ത പരിസരം
നീ തന്ന ഇളനീർ മധുരവും
തേങ്ങക്കാമ്പിന്റെ രുചിയും
നീയും മനസ്സറിഞ്ഞ്
ഞങ്ങളെ സ്നേഹിച്ചിട്ടുണ്ട്
മറക്കാൻ കഴിയില്ല

ഇപ്പോൾ ഉപയോഗം
തീരെ കുറഞ്ഞെങ്കിലും
ഓലയും കൊതുമ്പും മടലും
ഇന്നും വിറകുപുരയിൽ
ചിതലിനോട് മല്ലിടുന്നുണ്ട്
ഓർമ്മയുടെ അവശിഷ്ടങ്ങളവ

ഖേദപൂർവ്വം നമ്മളിന്ന്
പിരിയുമ്പോൾ പുറത്ത്
കറുത്ത കാതലുള്ള നീ
കത്തി ചാമ്പലാകാനല്ലല്ലോ
പോകുന്നതിപ്പോളെന്ന
ആശ്വാസമെനിക്കുണ്ട്
കട്ടിലോ മേശയോ കസേരയോ
എതെങ്കിലുമൊരു വേഷത്തിൽ
പുതിയ രൂപത്തിൽ
എവിടെയെങ്കിലും നീ
സ്നേഹസ്പർശമേറ്റ് ഇനിയും
സേവിക്കുമല്ലോ മനുഷ്യരെ

പ്രായാധിക്യം  പ്രയോജനപ്പെടും
ചിലപ്പോളത് പ്രയാസവും
ചെറുപ്പത്തിന് ചുറുചുറുക്കും
ചേലുമുണ്ടാകിലും കാതലുണ്ടാകില്ല



                 



'

Friday, May 17, 2013

പതിവ് തെറ്റിക്കുന്നവർ

ഇന്നലെ പാൽ‍ക്കാരി
ഇന്ന് പത്രക്കാരൻ 
ഇനി ഒരുപക്ഷെ വേലക്കാരിയും
കാത്തിരിപ്പ്‌ വിഫലമാക്കും

നേരും നേരവും തെറ്റിക്കുന്നവരുടെ 
നിര പാതാളം വരെ  നീളുന്നു

മുന്നറിയിപ്പില്ലാതെ
മുടങ്ങുന്നവരും
മുടക്കുന്നവരും
മുതൽ മുടക്കില്ലാത്ത
മുതലെടുപ്പ്കാരാണ്
മുഖമില്ലാത്ത കോലങ്ങൾ

ആശ്രയിക്കുന്നവരെ
അലംഭാവംകൊണ്ട്
അലോസരപ്പെടുത്തുമ്പോൾ ‍
പ്രതീക്ഷകളല്ലാതെ മറ്റൊന്നും
പകരം വെയ്ക്കാനില്ലാത്തവർ ‍
പകച്ച്‌ മിണ്ടാപ്രാണികളാകുന്നു

അമർഷങ്ങൾ  ചവച്ചരച്ച്
അയവിറക്കി അജീർണ്ണം തടയുന്നു

ആവലാതികളും
ആത്മരോഷങ്ങളും
അങ്കലാപ്പുകളുമില്ലാത്ത മനസ്സ്
നരച്ച ആകാശം പോലെയാണ്

അനുഭവങ്ങളുടെ
അഭാവംകൊണ്ടല്ല
അരക്ഷിതാവസ്ഥകളുടെ
ആധിക്യം കൊണ്ടാണ്
അന്യർക്ക് ആട്ടിതെളിക്കാൻ
ജീവിതം വിട്ട് കൊടുക്കേണ്ടി വരുന്നത്

ഇന്ന്
പതിവ് തെറ്റിക്കാത്തത്
കാക്കകൾ മാത്രമാണ്





Thursday, March 28, 2013

അവർ


ആവിപറക്കുന്ന ചായയും ‍
ആരോറൂട്ട് ബിസ്കറ്റും പോലെ
ഒഴിവാക്കാന്‍ പറ്റാത്തതാണ്
കാലത്തെ  ദിനപത്രവും
തീന്മേശക്കരികിലെ
ഞങ്ങളുടെ മുഖാമുഖവും

ആവർത്തന വിരസമായ
പതിവ് പ്രഭാതങ്ങൾ ‍
പിന്നിയ പ്രതീക്ഷകളിലെ
ശൂന്യ വൃത്തങ്ങളാണ്

ആശങ്കകളുടെ ആകാശം
വിശാലമാകുന്നത്
ഞങ്ങൾക്കിടയിലെ
മൗനമഞ്ഞ്  ഉരുകിയൊഴിഞ്ഞാണ്‍

അടുത്തില്ലാത്ത മക്കളുടെ
സുഖ വിവരപ്പട്ടികയും
അവരുടെ പുതിയ ആവശ്യങ്ങളും
ശുപാർശ സഹിതം
സമർപ്പിച്ച്‌ പരിഹാരം തേടുന്നു
വേവലാതികളുടെ ആവിയിൽ
പൊള്ളിവെന്ത അമ്മ മനസ്സ്
ആർഭാടപ്പുറത്ത് സവാരിചെയ്യുന്ന
അവരുടെ സഞ്ചാര  ദിശ
അറിഞ്ഞിട്ടും അറിയാതെ
എൻറെ നെടുവീർപ്പുകോട്ടകൾ
കണ്ടിട്ടും കാണാതെ

മരുന്നുകൾക്ക് മോചിപ്പിക്കാൻ കഴിയാത്ത
ആതുരതയുടെ തടവറയിലും അവൾ
മക്കളെയോർത്ത് പെയ്യുന്നു
അസ്വസ്ഥതയുടെ അലകടലാകുന്നു
ആപത്തുകളെയകറ്റാൻ
പ്രാർത്ഥനയുടെ കൊടുമുടിയാകുന്നു

അവരല്ലാതെ
ഞങ്ങളിപ്പോൾ  എവിടെയുമില്ല



























 

Friday, January 11, 2013

വെറുതെ

വെറുതെ

ഇടവഴികള്‍ പലതും
പെരുവഴികളായപ്പോള്‍
പെരുകി കൊടുമയും
കൊടുവാള്‍ പ്രയോഗവും

മുള്ളുവേലിക്കു  പകരം
മതിലുകളുയര്‍ന്നപ്പോള്‍
മറവിയുടെ ശിലയാല്‍ മറഞ്ഞു ‌
പൂര്‍വസ്നേഹസ്തൂപങ്ങള്‍

നോക്കുകുത്തികള്‍
നീക്കുപോക്കുകാര്‍ സ്വയം
നിര്‍ണ്ണയമില്ലാത്തോര്‍
നെട്ടോട്ടമോടുന്നു ഇടംവലം ‍

നേര് തേടുവാന്‍ നേരമില്ല
നുണ വിറ്റു നേടും പെരുമ  ‍
നാണം തോരയിട്ട്
നായാട്ടിനിറങ്ങുന്നു  നാട് നീളെ ‌

കൊടുത്താല്‍ കിട്ടും സ്നേഹം
കരുതിവെയ്ക്കുന്നില്ല
വിളഞ്ഞത് വിത്തിനിടുന്ന
വിവേകവും പതിരായി







Wednesday, January 9, 2013

മുക്കുപണ്ടം

കാണാന്‍ കൊള്ളാവുന്നത് കൊണ്ടല്ലേ
ആണുങ്ങള് കൊതിയോടെ
നോക്കി കണ്ണിറുക്കി
കമന്റ് അടിക്കണത്
വിലപ്പെട്ടതെന്തോ ഉള്ളതുകൊണ്ടല്ലേ
ചിലര് വില പറയുന്നത്
ഞാന് മറുപടി ഒന്നും പറയൂല്ല
വെറുതെ ചിരിക്കും

പ‍ത്രം  കാണുമ്പോള് പേടിയാണ് ‍
കൂട്ട ബലാത്സംഗം, പീഡനം
തട്ടികൊണ്ടുപോക്ക്
തല പെരുക്കും ഓരോന്ന് അറിയുമ്പം
വീടിന് അടച്ചൊറപ്പ് കൊറവാ
അമ്മയ്ക്കാണെങ്കില്‍ പണ്ടത്തെ
ചുണയും ഗമയും ഇല്ല 
ചോദിക്കാനും പറയാനും കെല്‌പ്പില്ല

വീണ്ടു വിചാരം  കൂടിയപ്പോളാണ്
വീടുവിട്ടിറങ്ങി പോന്നതും
അഭയം തരൂന്ന് കരുതി
സ്വര്‍ണപ്പണ്ടം പണയം എടുക്കുന്ന
മുതലാളിയെ  സമീപിച്ചതും
അയാള്‍ പലവട്ടം ക്ഷണിച്ചിട്ടുള്ളതാണ്

കാത്തുനിന്ന് ആളൊഴിഞ്ഞപ്പോള്‍
"കൂടെ പൊറുക്കാനെനിക്ക്
സമ്മതമാണെന്ന്" പറഞ്ഞപ്പം
ചമ്മിയ ചിരിയോടെ
ആദ്യം ഉരച്ചു നോക്കണം‍
പിന്നെ ഉരുക്കി നോക്കണം
മുക്കുപണ്ടമാണോ മാറ്റുണ്ടോ
എന്നൊക്കെ അറിഞ്ഞിട്ട്
വില പറയാമെന്ന കച്ചവട ഭാഷ
അതിനിടക്ക് തൊടാനും തലോടാനും
തിടുക്കവും ഒരു വിറയലും

സാറിനോട്‌ പറയാലോ
ഞാന്‍ പതിനൊന്നാം
വയസ്സിലാണ് വയസ്സറീച്ചത്
ഒരാഴ്ച്ച കഴിഞ്ഞുകാണും
അമ്മേം, കൂടെ താമസിക്കുന്ന
അയാളും  പുറത്തുപോകാനുള്ള
ഒരുക്കം കണ്ട് ‍ ചോദിച്ചപ്പോ
 "ഞങ്ങ ളിത്തിരി
കാശിന്റെ കാര്യത്തിന്‍ പോണതാണ്
നമ്മുടെ കിടപ്പാടം പണയം
വാങ്ങിയിരിക്ക്ണ  മുതലാളിയെങ്ങാനും
വന്നാല്‍ ഇരിക്കാന്‍ പറയണം
ഞങ്ങള്‍ കാശും കൊണ്ട് വേഗം വരാം"

അമ്മ പതിവില്ലാത്ത സ്നേഹത്തോടെ
എന്തോ വെള്ളം കലക്കീത്
കുടിപ്പിക്കേം ചെയ്താണ് പോയത്
അയാളും കൂടെ പോയത് കൊണ്ട്
പേടിക്കാതെ വെറുതെ ഇരിക്കാം
എന്ന് ഞാന്‍ സന്തോഷിച്ച്

പിന്നെ
സര്‍ക്കാരാശുപ ത്രി വരന്തേല്‍  വിരിച്ചിട്ട
മുഷിഞ്ഞ തുണിയില്‍ കിടക്കുമ്പോഴാണ്
ഞാന്‍ കണ്ണ് തുറന്നത് സാറെ
ഒന്നും ഓര്‍മ്മ ഉണ്ടായില്ല
അമ്മേടെ മൊഖം അപ്പൊ
നിറംമങ്ങിയ മുക്കുപണ്ടം പൊലെയിരുന്ന്

പണ്ട് കിടപ്പാടം പണയംവാങ്ങിയ
മുതലാളീടെ മോന്റെ മുന്നിലാണ്
ഞാന്‍ നില്‍ക്കുന്നതെന്നു മനസ്സിലായത്
കടച്ചുമരില്‌ തൂക്കിയ  ഫോട്ടോ കണ്ടപ്പളാണ് ‌
പിന്നെ ഞാന്‍ അവിടെനിന്നില്ല
അയാള്‍ കേറി പിടിച്ച് രംഗം
വഷളാകും മുമ്പേ ഞാനിറങ്ങി  ഓടി
ഇത്തിരി ദൂരം കഴിഞ്ഞ് കാണും
പിന്നില്‍ ബൈക്കിന്റെ ഹോണ്‍
കേട്ടപ്പോ തിരിഞ്ഞു നോക്കിയതാണ്
"കേറ്ന്നോ"ന്നു ചോദിച്ചപ്പോ
വേറെ ഒന്നും ആലോചിച്ചില്ല ‍
കണ്ട് പരിചയോം ഉണ്ട് പിന്നില്‍ കേറി
മനപൂര്‍വ്വം തട്ടുകയും മുട്ടുകയും
ചെയ്തപ്പോ എന്നെ ഇറക്കാന്‍ പറഞ്ഞു
ആ നേരത്താണ്  സാറ് വന്നത് ഭാഗ്യം

"പീഡനത്തിന് കേസെടുക്കണം സാറെ"
"ഛീ നിറുത്തടീ എന്റെ മോന്
എതിരെ കേസെടുക്കണം അല്ലേടീ "
"എനിക്കാരും ഇല്ല സാറെ "
"അകത്ത് കേറടീ..... ഞങ്ങളൊക്കെ
പിന്നെ ആര്‍ക്ക് വേണ്ടിയാടി "

വര്‍ത്തമാനത്തിന്റെ വിളക്ക് കെടുത്തി
ചതഞ്ഞരിഞ്ഞ നിലവിളിയും
ചെറുത്ത് നില്‍പ്പിന്റെ കരുത്തും
ഒലിച്ച് രക്തപ്പുഴയില്‍ ലയിച്ചു

അജ്ഞാത ജഡത്തിന്റെ മഹസ്സര് ‍
തയ്യാറാക്കി കഴിഞ്ഞപ്പോള്‍
അസിഡിറ്റീടെ പുളിച്ച്തേട്ടവും
ഇനി ഒരുകൊല്ലം തികച്ചില്ല
സര്‍വ്വീസ് തീരാനെന്ന തിരിച്ചറിവും
നിയമപാലകനെ അലട്ടി ‍
അയാള്‍ ജീപ്പ് സ്റ്റാര്‌ട്ടാക്കി ‍
സ്വര്‍ണപ്പണ്ടം പണയം എടുക്കുന്ന
മുതലാളി കടയിലിരുന്ന് അപ്പോള്‍
പണം എണ്ണുകയായിരുന്നു