Monday, August 17, 2009

പുസ്തകം

അടിവരയിട്ടു
അടയാളപെടുത്താതെപോയ
അനുഭവങ്ങളെല്ലാം
അലസം മറിച്ചുപോയ
താളുകളിലായിരുന്നു
പുനർ‍വായനയില്ലാതെ
അടച്ചു വെച്ച
പുസ്തകത്തിൽ ‍

തിരുത്താൻ  മടിക്കുന്ന
അക്ഷര തെറ്റുകളും
അലങ്കാര പദങ്ങളും
പുഴുക്കളായ് തിന്നുമുടിക്കുന്ന
പുസ്തകം
ഉള്ളടക്കങ്ങൾ
പഠിക്കാത്ത

വായിക്കപ്പെടാതെ പോകുന്ന
വരികളും വരകളും
തെളിയാത്ത വിളക്കുമരംപോലെ
ദിക്ക് തെറ്റിക്കുന്നു

ദേശാടനക്കാരുടെ യാത്ര
ദിശ മാറി ദുരിതത്തിലൊടുങ്ങുന്നു

കൂട്ടം തെറ്റി മേയുന്നോരും
സ്നേഹകുരുക്കിൽ‍ പെടുന്നോരും
സ്വാതന്ത്ര്യത്തിൻറെ ദുസ്വാദ്
അനുഭവിച്ചറിയുമ്പോള്‍
കലവും പാത്രവും
കഴുകി കമിഴ്ത്തിയുട്ടുണ്ടാകും

Monday, May 25, 2009

പ്രണയം

ബോധ നിലങ്ങളിൽ ‍
പുലരിത്തുടിപ്പ് പോൽ ‍
നിദ്രാവനങ്ങളിൽ ‍
നിലാപ്പൂവുപോൽ ‍
രാവിന്‍റെ വിമൂകതയിൽ ‍
ഒറ്റക്കിളി പാട്ടുപോൽ ‍
നിനവിന്‍റെ തീരത്ത്
ഈറൻ ‍ കാറ്റുപോൽ ‍
ഒഴുകി പരന്ന് നിറയുന്നു
ഇഷ്ടങ്ങളിൽ ‍ ഇണകളിൽ ‍

അകലങ്ങളിൽ ‍
വേവലാതിയുടെ വേനൽ ‍
അരികിൽ ‍
പൊഴിയും ആലിപ്പഴം

പ്രളയമാകാതെ വറ്റിയാൽ ‍
വരണ്ടു മരുഭൂമിയാകും

മനസ്സിലെ മരീചികകള്‍
മൗന നൊമ്പരത്തിന്റെ
മണൽ‍ക്കാടുകൾ ‍

Wednesday, January 28, 2009

ഭീരു

കടലുണ്ടെന്നുള്ളിൽ  ‍
തിരകളില്ലാതെ
തീരമുണ്ടെന്നിൽ  ‍
പുഴയില്ലാതെ

അഗ്നിയുണ്ടെൻ നെഞ്ചിൽ ‍
ആളിപ്പടരാതെ
ആകാശമുണ്ടതിൽ
മഴമേഘങ്ങളില്ലാതെ

വേനൽ പുതപ്പിൽ ‍
പൊള്ളുന്ന ഭൂമിപോൽ ‍
ചുട്ടുപഴുത്തെരെൻ ‍ മൗനം
അതിതാപ മർദ്ധത്തിൽ ‍
പൊട്ടിച്ചിതറുമ്പോൾ ‍
ഏതെങ്കിലുമൊരു  ചീളിൽ
കാലം കോറിയിട്ടുണ്ടാകും
എന്‍റെ പേര്, ഭീരു