Monday, January 17, 2011

പുഴ

ഈ മെലിഞ്ഞുണങ്ങിയ
പുഴ കാണുമ്പോൾ ‍
പെരുമഴ പെയ്യുന്നു ഓർമ്മയിൽ ‍
പേമഴ പെയ്യുന്നു

കർ‍ക്കടകത്തിലെ
കറുത്ത പകലിൽ ‍
തോരാമഴയുടെ തോളിൽ ‍ തൂങ്ങി
പഞ്ഞമിറങ്ങുന്നു
കുടിലുകൾ തോറും കയറിയിറങ്ങി
കുശലം പറയുന്നൂ

കിഴക്കൻ മല
കുത്തി മറിച്ച് കലക്കി
ആറ് മദിക്കുമ്പോൾ
പ്രളയം നിറയുന്നു
നിലയില്ലാതാളുകൾ
നാട്ടിൽ നട്ടം തിരിയുന്നൂ

അന്നീകരയിലെ 
ചെറിയൊരു കുടിലിൽ
കീറപ്പായിൽ വിശപ്പ്‌കുത്തി
മക്കൾ  പിടയുമ്പോൾ
പൂച്ചയുറങ്ങും അടുപ്പിന്നരികിൽ ‍
അമ്മ വിതുമ്പുന്നു
മഴ കോരി ചൊരിയുന്നു
പ്രളയം പെരുകുന്നു

പാളത്തൊപ്പി തലയിൽ വെച്ച്
വേച്ചുവിറച്ച്  അച്ഛനിറങ്ങുന്നു
മലവെള്ളത്തിലൊലിച്ചുവരും
വിറകും മരവും
കിട്ട്യാൽ ഭാഗ്യം
അരിവാങ്ങാൻ  പറ്റും

വഴിയിൽ നട്ട നിറമിഴികളുമായി
പരദൈവങ്ങളെ വിളിച്ചുകേഴുന്നു
അമ്മ, കരഞ്ഞുലയുന്നു
മക്കള്‍ തളർ‍ന്നുറങ്ങുന്നു

കരഞ്ഞും ചിരിച്ചും പുഴ
തടിച്ചും മെലിഞ്ഞും
നിലയ്ക്കാതെ ഒഴുകവേ
കാലം വിധിയോടത്തിലെന്നെ
ഈ കരയിലടുപ്പിച്ചു
കർക്കിടക രാവിൻ

ഇന്നീകരയിൽ ‍ ഞാൻ  വാങ്ങിയ
ഇരുനില മാളികയിൽ ‍
അച്ഛൻ  വന്നാൽ ‍ നൽകാനൊരുമുറി
ഒരുക്കിവെച്ചു ഞാൻ

കയറി വരുമ്പോൾ കാണാനായ്
ചുമരിൽ തൂക്കിയ ചിത്രത്തിലിരുന്ന് 
അമ്മ ചിരിക്കുകയാണാവോ
അമ്മ കരയുകയാണാവോ
 

Thursday, January 13, 2011

എന്‍റെ നഷ്ടങ്ങള്‍

ഇലക്കീറിലിത്തിരി
ബലിച്ചോറുമായ്
ഇന്നും വിളിക്കുന്നുണ്ടെന്‍റെ ഗ്രാമം
അമ്മവിളക്കണഞ്ഞ വീടുപോല്‍
വിമൂകം വിതുമ്പുന്ന
കൊച്ചു ഗ്രാമം

എന്‍റെ ഗ്രാമത്തില്‍
എന്നും പ്രഭാതത്തില്‍
കൂട്ടുകാരൊത്തുപോയ്‌
ചാടി കുളിച്ചോരാ താമരക്കുളമിന്നില്ല

തേക്ക് പാട്ടിന്‍റെ നാടന്‍ശീലുപോല്‍
കുളിര്‍ വെള്ളമൊഴികിയിരുന്നൊരാ
കൈത്തോടും മില്ലിന്ന്
കരയില്‍ പൂക്കൈതയുമില്ല

പച്ചയുടുപ്പിട്ട പാടവരമ്പത്ത്
പതിവായ് വരാറുള്ള
പച്ചക്കിളികളുമില്ല
പുന്നാരും ചൊല്ലുമാ കാറ്റുമില്ല

കൗതുകപ്പീലിയും, കുസൃതിചെപ്പുമായ്
ഇഷ്ടരെ കാത്തുനിന്നൊരാ
നാട്ടുവഴിക്കിന്ന്
സ്വൈര്യ സ്വകാര്യതയില്ല

വേനലവധിക്ക് മാമ്പഴം തന്നെന്നിൽ
കൊതിയൂറും മധുരം നിറച്ചൊരാ
നാട്ടുമാവിന്റെ തണലുമില്ല
നാരായണക്കിളി കൂടുമില്ല

ഓടിക്കളിച്ചോരാ മുറ്റത്തു ഞാന്‍ നട്ട
മുല്ലയും, തെച്ചിയും വേരറ്റുപോയ്‌
വിഷുക്കിളിയെന്നേ പറന്നകന്നു
വിരഹം പൊഴിക്കുന്നു ദൂരെയെങ്ങോ

തേന്‍ കുടിക്കാന്‍ കുലവാഴയില്ല
തൊടിയില്‍ മത്തയും ചേമ്പുമില്ല
കളിപ്പന്ത് കെട്ടാനോല തന്നിരുന്ന
തൈത്തെങ്ങ് മണ്ടകരിഞ്ഞു നില്പൂ

വളമെന്നുകരുതി നാം നല്‍കും
വിഷമേറ്റ് വയലും പറമ്പും ശൂന്യമായി
തരിശിട്ടു ഭൂമിയെ അപമാനിച്ചു നാം
തണലും തണുപ്പും നഷ്ടമാക്കി

മണ്ണിന്‍ മണമിന്നറപ്പാണ് പക്ഷെ
മേടകള്‍ കെട്ടാന്‍ മാത്രം വെട്ടിപ്പിടിക്കുന്നു
കുടിലുകള്‍ പൊളിക്കുന്നു കൗടില്യം
കാടും മരങ്ങളും കൊള്ളയടിക്കുന്നു

വേലികള്‍ മതിലായ മാറ്റത്തിലെത്ര
വര്‍ണങ്ങള്‍ നമ്മള്‍ക്ക് നഷ്ടമായി
പഴമകള്‍ കൊത്തിപ്പറക്കുന്ന കാലം
പഴയ ശീലങ്ങളും കൊണ്ടുപോയ്‌

അന്യര്‍ക്ക് തണലും കുളിരുമേകുന്നൊരു
ആർദ്രമനസ്സും വറ്റിയോ നമ്മളില്‍
നാടിന്‍റെ സത്വം മരിച്ച ദുഃഖത്തില്‍
നന്‍മതന്‍ നാരായവേരും പിഴുതുവോ?

Thursday, January 6, 2011

സമയം

ഉമ്മ, വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ
ഉടുമുണ്ടിൻ കോന്തലയിൽ പിടിച്ച്
പിന്നാലെ കൂടിയിരുന്നതിനാല്‍
'ഉമ്മാടെ വാല്‍' എന്ന പരിഹാസം കിട്ടി

അടുക്കളയിലൊരു  പ്രത്യേക സ്ഥാനത്ത്
പലകമുട്ടിയിൽ  അടുത്തിരുത്തി
കലം തുടച്ചെടുത്ത ഉമ്മാടെ പങ്ക് ചോറ്
കറിക്കലത്തില്‍ പുരട്ടിയെടുത്ത്
ഉരുളകളാക്കി എന്നെ  തീറ്റുന്നതു കണ്ടവര്‍
'ഉമ്മാടെ പുന്നാര മോന്‍' എന്ന് വിളിച്ചു

ഉപ്പു നോക്കാന്‍ തല നുറുക്കും
ചോറിനൊപ്പം  വാല്‍ നുറുക്കും
അയലക്കറി വെയ്ക്കുന്ന ദിവസം
ഇഷ്ടങ്ങളറിഞ്ഞുള്ള പരിഗണന

സ്നേഹ ശകാരങ്ങള്‍കൊണ്ടു കീഴ്പ്പെടുത്തി
തേച്ചുകുളിപ്പിച്ചിരുന്ന സായാഹ്നങ്ങള്‍
നാല്‍പാമര സോപ്പിന്‍റെ നനുത്ത പതപോലെ
ഓര്‍മ്മക്കണ്ണുകള്‍ നീറ്റുന്നു

പതിവും, അളവും നോക്കാതെ
പകര്‍ന്നു തന്ന സ്നേഹം
തിരിച്ചു ചോദിക്കാതെ
കിട്ടിയത് മാത്രം വാങ്ങി
മനസ്സ് നിറച്ചിട്ട് പടച്ചവനോട്‌
നന്ദി പറഞ്ഞ സൗമ്യശീല


ഒടുവിൽ രോഗശയ്യയില്‍ നിന്ന്
പള്ളിപറമ്പിലേക്കുള്ള യാത്രയില്‍
അനുഗമിക്കാന്‍ കരുത്തില്ലാതെ
ഒറ്റപ്പെട്ട നിമിഷങ്ങൾ കുത്തി നോവിക്കുമ്പോൾ
ഇന്ന് മറ്റൊരു സ്നേഹത്തടവറയില്‍ ഞാന്‍
സ്വന്തം സമയം നോക്കി ഇരിക്കുകയാണ് 

ഓര്‍മപുസ്തകത്തിലെ കത്ത്

പഴയ ഓര്‍മപുസ്തകങ്ങളുടെ പൊടിതട്ടുമ്പോള്‍
പത്താം ക്ലാസ്സിലെ മലയാളം പാഠപുസ്തകം!
അതില്‍ നാലായ് മടക്കിയ ഒരു വെള്ളകടലാസ്
ആദ്യ പ്രണയാക്ഷരങ്ങളുടെ അസ്ഥികൂടം!

ഒരിക്കലും കൈമാറാന്‍ കഴിയാതെ
കാത്തുവെച്ച് നിറം മങ്ങിയ
കിനാക്കളുടെ അക്ഷരക്കൂട്ട്
കൗമാരത്തിന്റെ ചാപല്യങ്ങൾ

ഗതകാലത്തിന്‍റെ
കരിയിലക്കാട്ടില്‍ വീണലിഞ്ഞ
നാല്‍പതു വര്‍ഷങ്ങളുടെ പഴക്കം
അർത്ഥശൂന്യമാക്കിയ വരികൾ

ആരും വിളിക്കാതെ
ഉണര്‍ന്നിരുന്ന പ്രഭാതങ്ങള്‍

തിടുക്കത്തിലൊരുങ്ങി
തിരക്കിലൊരു യാത്ര

ഇടവഴിയിലെ ഇല്ലിച്ചോട്ടില്‍
വിഫലമായ കാത്തുനില്‍പ്‌

അവസാനത്തെ പരീക്ഷ കഴിഞ്ഞപ്പോള്‍
അടുത്തു കണ്ടു, തനിച്ച്‌
അന്ന് എന്‍റെ കയ്യില്‍ കണക്കു പുസ്തകമായിരുന്നു
ഭീതിയുടെ ഇലയനക്കത്തില്‍
വാക്കുകളുടെ അവല്‍പൊതി
വഴിയില്‍ വീണുചിതറി....

"വാപ്പാപ്പ.." പേരക്കുട്ടി ഓടിവരുന്നു
"മോനെ, വീഴല്ലേ..." തിടുക്കത്തില്‍ കോരിയെടുത്തു