Thursday, September 20, 2012

കാട്ടുകന്യക

കാട്ടുകന്യക

കാട്ടുകന്യക 
കാടിറങ്ങി
നാട്ടുപെണ്ണായ്
നിറ നിറഞ്ഞേയ്

പുളിനത്തിന്
പ്രണയിനിയായ്
ഇളകിയാടി
ഇരുകരയിലും
കുളിരുകോരി
കുടിനീരായ്

കല്‍പ്പടവ്കെട്ടിയ
കുളിക്കടവില്
കന്യകമാരൊത്ത് ‍
നന നനഞ്ഞേ

കുറുമ്പ്കാരി
കൊലുസ്സുകാരി
മതിമതിച്ചവൾ
കടലില്‍ വീണു

തിരകള്‍ക്കു വീണ വായന
തീരത്തിന് തീരാ വേദന









Monday, September 17, 2012

മഴ മദ്ദളം കൊട്ടുന്നില്ല

മഴവരുന്നതും കാത്ത്
പുഴ ഇപ്പോഴും
പാലത്തിന്നടിയിൽ
ചുരുണ്ട് കിടക്കുകയാണ് ‍
നാണത്തില്‍ചുറ്റാന്‍
പൂഴിപോലുമില്ലാതെ

ചിറകുമുറിഞ്ഞ മഴപ്പക്ഷി
ചില്ല്ജാലകത്തില്‍ പിടഞ്ഞു
ചില്ലലമാരിയില്‍ നിഴൽ കണ്ട്
ചുമർ ചിത്രമായ്‌ പതുങ്ങി

ദാഹം ശമിക്കാതെ
മരവേരുകള്‍ ആകാശത്തേക്ക്
നുഴഞ്ഞുകയറുന്നു
ജലനിധി തേടി മേഘയാത്ര
മോഹഭംഗത്തിൽ വഴിമുട്ടുന്നു
തൊണ്ടവരണ്ട പക്ഷികൾ
മണ്ണിൻറെ മാറ്‌ കൊത്തിവലിക്കുന്നു
വിണ്ടുകീറിയ ചുണ്ടുമായ് ഭൂമി
ഉഷ്ണക്കാറ്റിൽ വിയർക്കുന്നു

ഇത്തിരി വെള്ളവും
വെള്ളാരക്കല്ലും
ഓര്‍മ്മച്ചാലില്‍ മാത്രം
അവശേഷിക്കും മുമ്പേ
എൻറെ കരയെടുക്കാൻ
ഒരു പ്രളയം വരും