Wednesday, July 20, 2011

പൊങ്ങുതടി

ഉടയാത്തൊരു മൗനം
ഉടക്കി നിൽ‍ക്കുന്നു
ഇടനെഞ്ചിലൊരാഘാതം
ഇടിവെട്ടി പെയ്യുന്നു

അമ്മച്ചുമരുകൾ‍ക്കുള്ളിലും
പിതാസർപ്പ  ദംശമേറ്റ് പുളയുന്ന
പെണ്‍‍കിടാവിന്‍റെ നിലവിളി
ചത്ത്‌മലച്ച് ചീഞ്ഞുനാറുന്നു

അന്നം കിട്ടാതെ മരിച്ച
അമ്മയുടെ പതിനാറടിയന്തിരത്തിന്
പന്ത്രണ്ട് കറികളും
പാൽ പായസവും
സദ്യകേമമാക്കുവാൻ
മക്കളൈക്യപ്പെട്ടു

ചെക്കൻ വീട്ടുകാർ
ചോദിച്ച പൊന്നും പണവും
കൊടുക്കാനില്ലാതെ
കെട്ട് നടക്കാതെ പോയ പെണ്ണ്
കെട്ടിത്തൂങ്ങിച്ചത്തന്ന്
അയൽവക്കത്തെ ധർമ്മിഷ്ടൻ
തന്നോളം തൂക്കത്തിൽ
പൊന്ന് വഴിപാട് നൽകി
പരമ ദൈവ ഭക്തിയിൽ

നിസ്വന്റെ ഭിക്ഷാപാത്രത്തിൽ
ചില്ലിക്കാശിട്ടു ധർമ്മം ചെയ്യുന്നോർ
ദേവാലയ മുറ്റത്തെ നേർച്ചപ്പെട്ടി
നിറയ്ക്കുന്നു ദൈവപ്രീതിക്ക്‌
ശത്രു സംഹാരത്തിന് കാഴ്ച്ച
സ്വാർത്ഥ ലാഭത്തിന്  ദക്ഷിണ

നൊന്തു പെറ്റോരമ്മയെ
ഏകാന്തത്തടവറയിലിട്ട്
പേറ്റ് നോവറിയാത്തമ്മയെ
തൊഴുത് പുണ്യം തേടുന്നു

മേടയിൽ പാർത്തും
മോടിയിലൊരുങ്ങിയും
ധനലാഭ വാഗ്ദാനങ്ങളാൽ
കൊള്ളയടിക്കുന്നു ചിലർ
ചോര നീരാക്കി മിച്ചം വെച്ചതും
കരുതിവെച്ച കിനാക്കളും

കണ്ടും കേട്ടും പഠിക്കാത്ത നമ്മളെ
ദുരാഗ്രഹങ്ങൾ നയിക്കുന്നു
സ്വന്തം വിനകളാൽ വീഴുമ്പോൾ
അന്യരെ പഴിച്ചെഴുനേൽക്കുന്നു

മത വൈരങ്ങൾ
തെരുവ് കത്തിക്കുമ്പോൾ
പ്രതികരിക്കുന്നവന്റെ പേരും
മത ചിന്ഹങ്ങളും
കുറിക്കുന്നു  മുഖമൂടികൾ
പ്രതികാരം രാകി മൂർച്ചകൂട്ടുന്നു

കയ്യൂക്കുള്ളവൻ
കയ്യേറ്റം തുടരുമ്പോൾ
ഒന്നും ചെയ്യാനില്ലാതെ
ഒഴുക്കിനൊത്തൊലിച്ചുപോം
പൊങ്ങുതടികളായ്
മാറുകയല്ലോ നമ്മൾ കഷ്ടം!