Wednesday, July 21, 2010

ഉള്‍വിളി

ഇരുള്‍ ചേക്കേറും
രാവിന്‍റെ ചില്ലയില്‍
പൂക്കും നിലാവിലും
പൊഴിയും തൂമഞ്ഞിലും
കേഴുന്നൊരറ്റക്കിളിതന്‍
വിഷാദ രാഗം കേള്‍ക്കവേ
ഓര്‍ത്തുപോകുന്നു ഞാനോമനേ
നമ്മളില്‍ ആസന്നമായൊരു
വേര്‍പാടിന്‍റെ വേദന

മൗനം  മഴമുകിലായ്‌ നിറയുന്നു
മോഹം പോക്കുവെയിലായ് മായുന്നു

ദുരിതമലകള്‍ ചവിട്ടി
സുഖ ദു:ഖ നിമ്നോന്നതങ്ങള്‍ കടന്നു
ദീനദിനരാത്രങ്ങള്‍ പിന്നിട്ടു നമ്മള്‍
ഒടുവിലീ സായാഹ്ന തീരത്തിലെത്തീ

ഇവിടെയെന്‍ ചാരത്തിരുന്നു
ഓര്‍മ്മചെല്ലം തുറക്കും പ്രേയസി
നീ നൂറുതേയ്ക്കുന്ന തളിര്‍വെറ്റില പോല്‍
ഞെട്ടറ്റ പച്ചത്തുടിപ്പാകും നമ്മളും

എത്രമേല്‍ ഈടുറ്റ സ്നേഹബന്ധനവും
അറ്റുപോം മൃതിയുടെ കൈക്കരുത്തില്

കാത്തിരിക്കുമ്പോള്‍ കരിവണ്ടി പോലെ
കിതച്ചുമെല്ലെയിഴഞ്ഞും  ‍
ഓര്‍ക്കാപ്പുറത്തൊരു  മിന്നലായും
അനവസരത്തില്‍ വന്നെത്തി മരണം
നമ്മളെ വേര്‍പിരിക്കും
വിസ്മൃതിയിലേക്ക് കൊണ്ടുപോകും

നിയതി തന്‍ കാട്ടുതീയില്‍ എരിഞ്ഞു നാം
നിശൂന്യതയില്‍ അലിഞ്ഞുപോം മുമ്പേ
കത്തിച്ചു വെച്ച വിളക്കുപോല്‍
കനിവിന്‍ പ്രകാശം പരത്താം
നിസ്വന്‍റെ വറുതിയില്‍
സ്വാന്തന പൂമഴയാകാം
ആര്‍ത്തബന്ധുക്കളായ് നമുക്ക്
സ്നേഹ സങ്കീര്‍ത്തനം പാടാം

ഈ ഭൂമിയില്‍ നമ്മള്‍ ഉണ്ടായിരുന്നതായ്
അടയാളം തീര്‍ത്തിട്ടു പോകാം

അകലെ ഒരു മേഘഘോഷം
ആടി മഴയുടെ ആരവം
ആഴിത്തിരയുടെ ഗര്‍ജ്ജനം
പ്രളയമെടുക്കുമീ തീരം വിടാമിനി
മെല്ലെ മടങ്ങാം അന്തിത്തിരി കത്തും
മാടത്തിലുറങ്ങാം ശാന്തമായ്

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മാടത്തില്‍ ശാന്തമായ് ഉറങ്ങാനുള്ള ആ ഉള്‍വിളി,തീര്‍ച്ചയായും ഏതൊരു മനുഷയ്നിലുമുണ്ടാകുന്നതു തന്നെയാണ്.അത് കാവ്യാത്മകമാകുമ്പോള്‍ കൂടുതല്‍ നൊമ്പരമുണ്ടാക്കുന്നു.കവിത നന്നായിരിക്കുന്നു.ഇനിയും വരാം ഈ വഴിയിലെന്ന പ്രതീക്ഷയോടെ.

asmo puthenchira said...

Shahul. naattuvazhi yiloodey..... ULVILIKEATU.
nannayi.
santhwanam theadunna manasukalkku
ulviliyudey kulir mazha.
asmsakal.