Tuesday, June 21, 2011

ഉദ്യോഗ പര്‍വ്വം



തിരിച്ചു പോക്കിനായ്
തിരക്ക് കൂട്ടുന്നു
ശേഷിച്ച നാളിലെ
ശോഷിച്ച ചേതന

തിരിഞ്ഞു നോക്കാന്‍ ഭയമാണെനിക്ക്
കൊഴിഞ്ഞ യവ്വനപൂക്കള്‍ വീണു
കരിഞ്ഞലിഞ്ഞോരീ ശ്മശാന ഭൂവിലെ
മരിച്ച സ്വപ്നത്തിന്‍ സ്മാരകശിലകളെ

ആയുസ്സിന്നിതള്‍ കൊത്തിപ്പറന്നുപോം
സമയപ്പക്ഷിതന്‍ ചിറകടിയൊച്ച ഞാന്‍ കേട്ടീല
ദുരിത ദുര്‍ഘട വീഥിയിലെന്‍
ജീവചക്ര ഘര്‍ഷണ ഘോഷത്തില്‍

മറന്നതല്ല ഞാനീ മടക്കയാത്ര
മാറ്റിവെച്ചതാണിത്ര നാള്‍,
മുപ്പതു സംവത്സരങ്ങള്‍!


വിളവെടുത്ത വയലില്‍ നിന്നെന്നപോല്‍
വിട്ടുപോകുന്നു ഞാനീ പോറ്റുമണ്ണും
പൊള്ളും പ്രവാസവും
പതിരില്ലാ സൗഹൃദങ്ങളും


കതിര്‍ക്കനമില്ലാത്തതെങ്കിലും
കൈവന്ന ജീവിത ശിഷ്ടങ്ങളും
കരുതലായ്‌ ശുഭ ചിന്തയുമുന്ട്‌
കൃതാര്‍ത്ഥനാണ് ഞാന്‍

1 comment:

നാമൂസ് said...

ഈ മണല്‍ക്കാട്ടിലെ ഈന്തപ്പനച്ചുവട്ടില്‍ നിന്നും പച്ചപ്പിലേക്ക്... മാമ്പഴക്കൂട്ടിലേക്ക്. ഇമ്പമുള്ളോരു 'ഇഷ്ട'ബന്ധുക്കളോടൊത്ത് ആകാശ യാത്രക്ക് വിരാമമിട്ടു ശിഷ്ട കാലം പാര്‍ക്കാന്‍. സന്തോഷമുണ്ട്. കൂടെ, ഒരു ചെറു ദു:ഖവും. എങ്കിലും ശുഭ യാത്ര ആശംസിക്കുന്നു.