Tuesday, May 24, 2011

ദൂരം

ദൂരം മറന്ന്‍ ഞാന്‍
ദൂരേക്ക്‌ പായുമ്പോള്‍
പാടേ മറന്നൊരു  പാട്ടിന്‍
പല്ലവി  കേട്ടു ഞാന്‍ വീണ്ടും
അരികിലെങ്ങോ
മൗനവിളയാട്ടം നിറുത്തി
മണിവീണ മീട്ടും സഖി നീ
മറന്നില്ലേ ആ പഴയ രാഗം

പാടവരമ്പിലും
പൂവേലിക്ക് പിന്നിലും
മിഴി കോര്‍ത്ത നാളില്‍
മൊഴി ‍വറ്റി
നിന്നു നീ വിവശം
വെച്ചുനീട്ടിയ പുഞ്ചിരിപൂ
ഇന്നും വാടിയിട്ടില്ല,
വര്‍ണ്ണമിത്തിരി
മാഞ്ഞെന്നാലും

ഓര്‍ത്തിരുന്നു ഞാനൊരുപാട് നാള്‍
കാത്തു ഞാന്‍ കാലൊച്ച
പിന്നെ നിന്‍റെ മൗനക്കടലില്‍
മുങ്ങിമരിച്ചെന്‍റെ പ്രണയം

മറക്കുക, നമ്മളറിയില്ല
നമ്മാളുന്ടായിരുന്നില്ല!

1 comment:

നാമൂസ് said...

മൗനം കാലം തീര്‍ത്ത വിശ്രമ കേന്ദ്രമാവണം. കാലം നിര്‍ബന്ധിക്കുന്ന ഒരിടത്താവളം. അതൊരു നിരാസമായി ഗണിക്കേണ്ടതില്ല. വീണ്ടും തളിര്‍ക്കുന്ന പ്രതീക്ഷയില്‍ ഒരു നാള്‍ മൗനം വാചാലമാവുക തന്നെ ചെയ്യും. തീര്‍ച്ചയായും, അന്നേ ദിവസം ഈ ദൂരമത്രയും വേഗത്തില്‍ തിരികെ ഓടിയണയും..