ജീവിത യാത്രയില്‍ കണ്ടുമുട്ടുന്ന പല മനുഷ്യരില്‍ ചിലരെ യാത്രയുടെ അവസാനംവരെ മറക്കാന്‍ കഴിയില്ല. ഒരുപക്ഷെ അവര്‍ വഴക്കാളികളുടെ രൂപത്തിലോ സഹായികളായിട്ടോ നമ്മുടെ ജീവിതത്തില്‍ കടന്നുവന്നതാകാം. കുലയിടം എന്ന എന്‍റെ കൊച്ചു ഗ്രാമത്തില്‍ അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു; മാപ്രാണന്‍ ജോണേട്ടന്‍.
മൂന്ന് ഭാഗവും വയലും നടുക്കൊരു കുന്നും അതാണ് ഞങ്ങളുടെ ഗ്രാമമായ കുലയിടത്തിന്‍റെ ഭൂമി ശാസ്ത്ര ഘടന. അകലെയുള്ള പ്രദേശങ്ങളില്‍ നിന്നും വന്നു താമസമാക്കിയ കൂലിപ്പണിക്കാരും, കൈത്തൊഴിലുകാരും, ചെറുകച്ചവടക്കാരും, കൊരട്ടിയിലെ പഴയ ജമുന (ഇന്നത്തെ വൈഗ) ത്രെഡ് മില്സിലെ ജീവനക്കാരും പിന്നെ കുറച്ചു പാരമ്പര്യ കര്‍ഷകരും കൂടിക്കലര്‍ന്നു ജീവിക്കുന്ന ഇടത്തരക്കാരുടെ ഗ്രാമമാണ് കുലയിടം. വര്‍ഗ്ഗീയ വിഷം ചീറ്റാത്ത, രാഷ്ട്രിയ കലാപങ്ങള്‍ തിരികൊളുത്തിയിട്ടില്ലാത്ത, ശാന്ത സുന്ദരവും, സൗഹൃദ സുരഭിലവുമായ മാതൃകാ ഗ്രാമം.
നാല്പതു വര്‍ഷം മുമ്പുവരെ പുറമ്പോക്ക് ഭൂമിയായിരുന്നു ഈ പ്രദേശം. ഇന്നെല്ലാവര്‍ക്കും പട്ടയം ഉണ്ട്.പണ്ടു, വേനല്‍ക്കാലത്ത് കുടിവെള്ളം താഴെ ഭാഗത്തുള്ള കിണറുകളില്‍ നിന്നും കോരി ചുമന്നു കൊണ്ടുവരണം. ഈ ഗ്രാമത്തില്‍ വൈദ്യുതി വന്നിട്ട് ഏകദേശം നാല്പതു വര്‍ഷത്തില്‍ അധികമായിട്ടില്ല. ഇന്ന്, കുടിക്കാനും പറമ്പ് നനയ്ക്കാനും വേനല്‍ക്കാലത്ത് വെള്ളം കിട്ടുന്നുണ്ട്. പഴയ ഇടവഴികള്‍ ടാറിട്ടു ഗതാഗത സൗകര്യം വര്‍ദ്ധിപ്പിച്ചു. ഊര്ജസ്വലരായ ഒരുപറ്റം ചെറുപ്പക്കാരുടെ വലിയ ത്യാഗത്തിന്‍റെ ചരിത്രമുണ്ട് ഇതിനൊക്കെ പിന്നില്‍.
പ്രധാന റോഡിന്‍റെ ഇരുപുറവും താമസിക്കുന്നവര്‍ക്ക് പുരയിടവും പറമ്പും അടക്കം ഏറ്റവും കൂടിയ ഭൂമിയുടെ ദൈര്‍ഘ്യം ഇരുപതു സെന്‍റ് മാത്രം. വീടുകള്‍ തമ്മില്‍ അധികം ദൂരമില്ല. വീട്ടുകാരുടെ മനസ്സുകള്‍ തമ്മിലും അകലമില്ല. വിശാസികളും, അമ്പലവും, പള്ളിയും, മസ്ജിദും സജീവമാണ്.ഞങ്ങളുടെ തലമുറയിലുള്ളവര്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരു കഥാപാത്രമാണ് മാപ്രാണന്‍ ജോണേട്ടന്‍. ഞങ്ങളുടെ ഗ്രാമത്തിലെ ഒരു നിത്യ വഴക്കാളിയായിട്ടാണ് അദ്ദേഹം അറിയപെട്ടിരുന്നത്. മാപ്രാണന്‍ എന്നതു തറവാട്ടു പേരാണ്. പോലീസുകാര്‍ കുലയിടത്ത് വന്നിരുന്നത് ഇദ്ദേഹത്തെ അറസ്റ്റു ചെയ്യാനും, കോടതി സമന്‍സുകള്‍ കൈമാറാനും മാത്രമാണ്. പോലീസിന് നേരിട്ട് പിടികൊടുക്കുന്ന പ്രശ്നമില്ല,
കൊരട്ടി ചാലില്‍ വളച്ചു കെട്ടിയെടുത്ത കുറച്ചു കൃഷിപ്പാടവും, താമസിച്ചിരുന്ന ഇരുപതു സെന്‍റ് വരുന്ന പുരയിടവും മാത്രം സ്വന്തമായി അവശേഷിച്ച പഴയ ഇടത്തരം ജന്മി കുടുംബത്തിലെ അവസാനത്തെ ആണ്‍തരി. സ്വന്തം അപ്പനുമായി കേസും തല്ലുപിടുത്തവുമായി വര്‍ഷങ്ങളോളം കഴിഞ്ഞു. ഒടുവില്‍ അവകാശം ഒന്നും കാര്യമായി കിട്ടാതെ നിരാശനായി. ജീവിതം വഴി തെറ്റിയത് അവിടം മുതലാണോ എന്നറിയില്ല.
ഒറ്റ മുണ്ടും (കൈലി), തോളില്‍ ഒരു തോര്‍ത്തും അതായിരുന്നു വേഷം. കോടതിയില്‍ വ്യവഹാര കാര്യങ്ങള്‍ക്ക് പോകുന്ന ദിവസവും, ആഴ്ചയിലൊരിക്കല്‍ പള്ളിയില്‍ പോകുമ്പോളും, അകലെ യാത്രകളിലും മാത്രമേ ഷര്‍ട്ട് ധരിച്ചു കണ്ടിട്ടുള്ളൂ. തടിച്ചു തൂങ്ങിയ ശരീരവും, കുംഭയും പുറത്തു കാണിക്കുന്നതില്‍ ഒരു നാണവും ഉണ്ടായിരുന്നില്ല. എന്‍റെ വീടിന്‍റെ അടുത്തുണ്ടായിരുന്ന പരീതുക്കായുടെ ചായക്കടയില്‍ നന്നേ വെളുപ്പിന് പതിവായി എത്തുന്ന ജോണേട്ടന്‍ കടുപ്പത്തില്‍ കിട്ടുന്ന ചായയും കുടിച്ചു ഇടക്ക് ആപ്പിള്‍ ബീഡിയും വലിച്ചു തലേന്ന് കള്ളുഷാപ്പില്‍ നിന്നും കിട്ടിയ നാട്ടു വാര്‍ത്തകള്‍ അവിടെ പരസ്യം ചെയ്യും. നാട്ടിലെ പല സംഭവ വികാസങ്ങളും, രഹസ്യങ്ങളും ആ ചായകടയിലാണ് വിവരിക്കപ്പെടുന്നത്. പലതും സത്യവും, അര്‍ദ്ധ സത്യങ്ങളും, ചിലത് അസത്യങ്ങളും ആയിരിക്കും.
പിന്നീട് എന്നെ ചായക്കട ആകര്‍ഷിച്ചതിന്‍റെ പ്രധാന ഘടകം ഈ നാട്ടു വര്‍ത്തമാനങ്ങള്‍ തന്നെയായിരുന്നു. ഞാന്‍ നാട്ടിലുള്ളപ്പോള്‍ ഇന്നും ആ ശീലം മുടക്കാറില്ല. ചായക്കടക്കാരന്‍ മാറിയെന്നു മാത്രം, ഇന്ന് വീരാനിക്കാടെ ചായക്കട.
എനിക്ക് ഓര്‍മവെക്കുന്ന കാലം മുതല്‍ രാത്രി ഇരുട്ടുമ്പോള്‍ പതിവ് തെറ്റിക്കാതെ ആരെയൊക്കെയോ വഴക്ക് പറഞ്ഞു പോകുന്ന ജോണേട്ടന്‍ കള്ള്ഷാപ്പില്‍ നിന്നാണ് ആ നേരത്ത് വരുന്നതെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു തന്ന അറിവുണ്ടായിരുന്നു. എതിരാളികളെ തെറി പറയാനും ചീത്ത വിളിക്കാനും ഒരു മടിയും, നാണവും ഇല്ലാത്ത പോക്കിരിയുടെ റോളായിരുന്നു അപ്പോളൊക്കെ. നമുക്ക് ആരോടെങ്കിലും വിരോധം തീര്‍ക്കാന്‍ ഉണ്ടെങ്കില്‍ ജോനേടന് കള്ള്കുടിക്കാന്‍ കാശ് കൊടുത്താല്‍ മതി അയാളെ ചീത്ത വിളിച്ചു നടന്നോളും എന്നാണു അന്നൊക്കെ പറഞ്ഞു കേട്ടിരുന്നത്. തല്ലു കിട്ടിയാലും നിര്‍ത്താത്ത ആ സ്വഭാവ വൈകൃതം ഞങ്ങളുടെ ഗ്രാമത്തിലെ ഒരു പ്രധാന വില്ലന്‍ കഥാപാത്രമാക്കി ജോണേട്ടനെ.
പരീതുക്കായുടെ ചായക്കടയില്‍ നന്നേ വെളുപ്പിന് ചായ കുടിക്കാന്‍ എത്തുന്ന ജോണേട്ടന്‍ മലയാളം ദിനപത്രം എത്തിയിട്ട് വായിച്ചേ തിരികെ പോകൂ. പത്ര വാര്‍ത്തയിലെ രാഷ്ട്രീയ, സാമൂഹ്യ സംഭവ വികാസങ്ങള്‍ ഉച്ചത്തില്‍ ചര്‍ച്ച ചെയ്യുന്നതും കേള്‍ക്കാം. പതുക്കെ സംസാരിക്കുന്ന സ്വഭാവം ഇല്ലായിരുന്നു. ചായക്കടയില്‍ നിന്നും തിരികെ പോകുന്ന ജോണേട്ടന്‍ വഴിയില്‍ ഞങ്ങളെ കാണുമ്പോള്‍ കളിവാക്കുകള്‍ പറഞ്ഞു ചിരിപ്പിക്കുകയും, തലയില്‍ തോണ്ടുകയും ചെയ്യുമായിരുന്ന ഒരു രസികനായിരുന്നു. പകല്‍ നേരങ്ങളില്‍ പരിമിതമായ ബഹളമേ ഉണ്ടാക്കൂ.
ഇങ്ങനെയൊക്കെയാണെങ്കിലും, ഏതു കല്യാണ, മരണ വീടുകളിലും എന്ന് വേണ്ട നാട്ടില്‍ ഏതു അത്യാവശ്യ ഘട്ടത്തിലും ആദ്യം ഓടിയെത്തുന്ന വ്യക്തികളില്‍ ഒരാളായിരിക്കും ജോണേട്ടന്‍. ആദ്യാവസാനം മുന്നില്‍ നില്‍ക്കും. എന്നിട്ടോ? പതിവുപോലെ വൈകുന്നേരം മദ്യഷാപ്പിലെക്കും പിന്നെ തിരികെ വരുമ്പോള്‍ ശബ്ദ മലിനീകരണം നടത്തി നാട്ടുകാരുടെ ശാപവാക്കുകള്‍ ഏറ്റു വാങ്ങാനും മടിയില്ല.
ഞങ്ങള്‍ മിക്കവാറും പാഠപുസ്തകത്തിന്‍റെ മുന്നില്‍ ഇരിക്കുന്ന സമയത്തായതിനാല്‍ ഉറക്കം തൂങ്ങി പോകുന്നവര്‍ പെട്ടെന്ന് ഉണരും. പേടിയുള്ള ചിലരുടെ പടിക്കല്‍ എത്തുമ്പോള്‍ ശബ്ദത്തിന്‍റെ വോളിയം അല്പം കുറയ്ക്കും. ഞാന്‍ വളര്‍ന്നു പഠിപ്പൊക്കെ കഴിഞ്ഞു നാട്ടില്‍ പൊതു പ്രവര്‍ത്തനം നടത്താന്‍ തുടങ്ങിയ കാലത്താണ് ജോണേട്ടനെ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഒരുപൂ മാത്രം കൃഷി ചെയ്യുന്ന കോളില്‍ നിന്നും കിട്ടുന്ന വരുമാനവും, മക്കളും ഭാര്യയും പണിക്കു പോയി കിട്ടുന്ന കൂലിയുടെ ഏറിയ പങ്കും കുടിച്ചു തീര്‍ത്തു വഴക്കാളിയായി നടക്കുന്ന ആളെ ഞങ്ങള്‍ നാടിന്റെ വികസന പ്രവര്‍ത്തനത്തില്‍ പങ്കാളിയാക്കി കൂടെ കൊണ്ടു നടന്നു. വളരെ ഉത്സാഹത്തോടെ ആത്മാര്‍ത്ഥതയോടെ ഏല്‍പിച്ച ചുമതലകള്‍ ഭംഗിയായി നിറവേറ്റി. ചിലരൊക്കെ പരിഹസിച്ചെങ്കിലും ഞങ്ങള്‍ കാര്യമാക്കിയില്ല. കുലയിടം ഗ്രാമത്തിന്‍റെ വളര്‍ച്ചയുടെയും ഉണര്‍വിന്‍റെയും പര്യായമായ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ ജോണേട്ടന്‍റെ അധ്വാനവും വിയര്‍പ്പും ഉണ്ട്. ഇത്തരം ആളുകളെ ക്രിയാത്മ രംഗത്തേക്ക് തിരിച്ചു വിട്ടാല്‍ വിജയിക്കും എന്നത് ഞങ്ങളുടെ അനുഭവമാണ്.
അമിതമായ മദ്യപാനം കരള്‍ കാര്‍ന്നു തിന്നുന്നതറിഞ്ഞിട്ടും രോഗത്തിനോടും മരണത്തിനോടും തെല്ലും പേടിയില്ലാതെ കുടിച്ചു ജീവിച്ച ആ ജീവിതം ഒരു പ്രഹേളികയാണ് ഇന്നും. ആരെയും ഭയമില്ല. പറയാനുള്ളത് എവിടെയും വെട്ടിത്തുറന്നു പറയും. ഏറ്റെടുക്കുന്ന ദൌത്യം വിജയിപ്പിക്കും.
ഞാന്‍ നാടുവിട്ടു ഖത്തറിലേക്ക് പോരുമ്പോള്‍ എന്നെ യാത്രയാക്കാന്‍ വന്നിരുന്നു. അന്നും ഞാന്‍ പതിവുപോലെ ഉപദേശിച്ചു കുടി നിറുത്താന്‍. വിനയപൂര്‍വ്വം തലകുലുക്കി. തിരികെ നാട്ടില്‍ എത്തുമ്പോള്‍ ഞാന്‍ കരുതിവെച്ച ഷര്‍ട്ട് പീസും, മുണ്ടും വാങ്ങിക്കാന്‍ വരാന്‍ പോലും കഴിയാത്ത പരുവത്തിലായിരുന്നു. ഞാന്‍ കൊണ്ടുപോയി കൊടുത്തു. അധികം വൈകാതെ കുറെനാള്‍ രോഗശയ്യയിലും പിന്നീട് അറുപത്തി ഏഴാമത്തെ വയസ്സില്‍ (1992 October 6)
ആ ബഹളക്കാരന്‍ നിശ്ശബ്ദനായി കൊരട്ടി പള്ളിയിലെ സെമിത്തേരിയില്‍ ഒടുങ്ങി.