Monday, January 17, 2011

പുഴ

ഈ മെലിഞ്ഞുണങ്ങിയ
പുഴ കാണുമ്പോൾ ‍
പെരുമഴ പെയ്യുന്നു ഓർമ്മയിൽ ‍
പേമഴ പെയ്യുന്നു

കർ‍ക്കടകത്തിലെ
കറുത്ത പകലിൽ ‍
തോരാമഴയുടെ തോളിൽ ‍ തൂങ്ങി
പഞ്ഞമിറങ്ങുന്നു
കുടിലുകൾ തോറും കയറിയിറങ്ങി
കുശലം പറയുന്നൂ

കിഴക്കൻ മല
കുത്തി മറിച്ച് കലക്കി
ആറ് മദിക്കുമ്പോൾ
പ്രളയം നിറയുന്നു
നിലയില്ലാതാളുകൾ
നാട്ടിൽ നട്ടം തിരിയുന്നൂ

അന്നീകരയിലെ 
ചെറിയൊരു കുടിലിൽ
കീറപ്പായിൽ വിശപ്പ്‌കുത്തി
മക്കൾ  പിടയുമ്പോൾ
പൂച്ചയുറങ്ങും അടുപ്പിന്നരികിൽ ‍
അമ്മ വിതുമ്പുന്നു
മഴ കോരി ചൊരിയുന്നു
പ്രളയം പെരുകുന്നു

പാളത്തൊപ്പി തലയിൽ വെച്ച്
വേച്ചുവിറച്ച്  അച്ഛനിറങ്ങുന്നു
മലവെള്ളത്തിലൊലിച്ചുവരും
വിറകും മരവും
കിട്ട്യാൽ ഭാഗ്യം
അരിവാങ്ങാൻ  പറ്റും

വഴിയിൽ നട്ട നിറമിഴികളുമായി
പരദൈവങ്ങളെ വിളിച്ചുകേഴുന്നു
അമ്മ, കരഞ്ഞുലയുന്നു
മക്കള്‍ തളർ‍ന്നുറങ്ങുന്നു

കരഞ്ഞും ചിരിച്ചും പുഴ
തടിച്ചും മെലിഞ്ഞും
നിലയ്ക്കാതെ ഒഴുകവേ
കാലം വിധിയോടത്തിലെന്നെ
ഈ കരയിലടുപ്പിച്ചു
കർക്കിടക രാവിൻ

ഇന്നീകരയിൽ ‍ ഞാൻ  വാങ്ങിയ
ഇരുനില മാളികയിൽ ‍
അച്ഛൻ  വന്നാൽ ‍ നൽകാനൊരുമുറി
ഒരുക്കിവെച്ചു ഞാൻ

കയറി വരുമ്പോൾ കാണാനായ്
ചുമരിൽ തൂക്കിയ ചിത്രത്തിലിരുന്ന് 
അമ്മ ചിരിക്കുകയാണാവോ
അമ്മ കരയുകയാണാവോ
 

2 comments:

കാടോടിക്കാറ്റ്‌ said...

ഇന്നീകരയില്‍ ഞാന്‍ വാങ്ങിയ
ഇരുനില മാളികയില്‍
അച്ഛന്‍ വന്നാല്‍ കിടക്കാനൊരുമുറി
ഒരുക്കിവെച്ചു ഞാന്‍

അതുകണ്ടമ്മ
ചിത്രത്തിലിരുന്നു
ചിരിക്കുകയാണാവോ
കരയുകയാണാവോ...

kannu nanayichu ee varikal..!
best wishes..!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തലമുറകളിലെ അന്തരം വലുതാണ്‌.
അന്ന്, വിശപ്പകറ്റാന്‍ വയറ്റിലേക്ക് എന്ത് നല്‍കും എന്ന ചിന്തയായിരുന്നു.
എന്നാല്‍ ഇന്ന്, വയറ്റിലുള്ളതു എത്ര പെട്ടെന്ന് എങ്ങനെ ദഹിപ്പിക്കാം എന്ന ചിന്തയാണ്.
ഇന്നിതൊക്കെ ആരോര്‍ക്കാന്‍ !!!
നല്ലൊരു സന്ദേശം ഒളിഞ്ഞുകിടപ്പുണ്ട് കവിതയില്‍..
ആശംസകള്‍