Tuesday, June 28, 2011

കാത്തിരിക്കുക

പോയ കാലത്തിന്‍റെ കാലടിപ്പാടുകള്‍
മായാത്ത വ്യഥയുടെ ശിലാതലത്തില്‍
വീണു ചിതറുന്നോരോര്‍മ്മതന്‍ ചീളുകള്‍
വീണ്ടുമെന്‍ നെഞ്ചകം കീറുന്നു

കരയാന്‍ തുടുത്ത കരള്‍നോവുകള്‍
കനലായ് പെയ്യുന്ന മൂകരാവില്‍
കാട്ടുമരചില്ലയിലെ ഇരുള്‍പ്പടര്‍പ്പില്‍
കൂടില്ലാക്കിളിയുടെ തേങ്ങലായ്
ഒഴുകിയെത്തെന്നു നിന്നുയിരിന്‍ നാദം
ഒറ്റക്കമ്പി വീണാരോദനം പോല്‍

തീരത്തൊടുങ്ങുന്ന തിരയായ്‌ വന്നെന്നെ
തരളിതമാക്കുന്ന പരിഭവങ്ങള്‍
വെയില്‍ചുറ്റി പാറുന്ന മഴച്ചാറ്റലായ്
വിസ്മയമാനത്ത് മാരിവില്ലാകുന്നു

ഇനിയും തെളിയാത്ത വിഭാതത്തിലെവിടെയോ
ഇത്തിരി തുടുക്കതിര് നമുക്കുമുണ്ടാകാം
കാത്തിരിപ്പിന്‍റെ തിരിനീട്ടി വെയ്ക്കുക
കാറ്റ് കെടുത്താതെ വട്ടംപിടിക്കുക

4 comments:

Muhammed Sageer Pandarathil said...

പോയ കാലത്തിന്‍റെ കാലടിപ്പാടുകള്‍
കാറ്റ് കെടുത്താതെ വട്ടംപിടിക്കുക അസാധ്യമായിരിക്കുന്ന ഈ കാലത്ത് ഈ കവിതക്ക് പ്രധാന്യമുണ്ട്. നന്നായിരിക്കുന്നു.

Ramesh Ayinikkatt said...

അതിനാണ് സഗീറേ...പറഞ്ഞത് , കാത്തിരിപ്പിന്‍റെ തിരിനീട്ടി വെയ്ക്കുക.....കാറ്റ് കെടുത്താതെ വട്ടംപിടിക്കുക - എന്ന്.ഒരു തുടുക്കതിരിനെ കാത്തിരിക്കാം എന്ന് കവിഭാവന ആകാമെങ്കിലും,

ഇവിടെ നമുക്ക് കാത്തിരിക്കാന്‍ സമയമില്ല,പൊഴിഞ്ഞു വീഴുന്ന ഓരോ നിമിഷവും, പിന്തുടരുന്നു വരുന്ന ഭയാനക വാര്ത്തകില്‍ നിന്നും മുഖം തിരിക്കാനാകുന്നില്ല. കാത്തിരിപ്പ്‌ അസഹ്യവും,ഭീതിതവുമാണ്,എന്നെ സംബന്ധിചെങ്കിലും.

Sidheek Thozhiyoor said...

അതെ ഒരു കുഞ്ഞു നാളമെങ്കിലും അണയാതെ സൂക്ഷിക്കാം.

Renjith said...

ഇനിയും തെളിയാത്ത ആ പ്രഭാതതിനായി സ്നേഹത്തിന്റെ ചൂട് ഒരുക്കി വെക്കുന്നു ആരോ...കവിത വായിചെന്റെ പ്രണയത്തെ....ബന്ധങ്ങളെ....സൌഹൃദങ്ങളെ...ഒന്ന് മുറക്കെ പിടിക്കട്ടെ ഞാന്‍ ഇത്തിരി നേരം മൌനമായി.....നന്ദി....