Sunday, October 21, 2012

മകനോട്

മകനോട്

അറിവൊരു മുറിവാണുണ്ണി
അക്ഷരവിദ്യകളേറുന്തോറും
മുറിയും ഹൃദയം നീറും
നിണമില്ലാത്തൊരു മുറിവാണറിവ്

അറിവിന്‍ മുറിവൊരു സുഖമാണുണ്ണി
അറിവില്ലാത്തത്‌ വിനയല്ലോ

ചതുരന്മാരുടെ  ചിരിവലയത്തില്‍
ചിറകറ്റവരാകും നമ്മള്‍
വക്രന്മാരുടെ വാളിന്നിരയായ് ‍
വാക്കറ്റവരാകും നമ്മള്‍

ചതിയന്മാര്‍ ‍വരുതിയിലാക്കി
ചാവേറുകളാക്കും  നമ്മളെ
വായാടികളുടെ നാവിന്‍തുമ്പില്‍
വാലാട്ടികളാകും നമ്മള്‍

മകനേ അറിയുക
കൊടുങ്കാറ്റുവേഗത്തിലെത്തും നുണകള്‍
കപടവേഷങ്ങളില്‍ സഞ്ചരിക്കും
നാട്ടിലശാന്തിയും കലഹവും വിതച്ച്
വിളവെടുക്കാനായ് പതുങ്ങിനില്‍ക്കും

വഴിമുടക്കികളുടെ പീഡനം  ‍
സര്‍വ്വം സഹിച്ച്
സങ്കടപ്പെരുമഴ നനഞ്ഞ്
സത്യമെത്തുമ്പോളല്‍പം വൈകും
കാത്തിരിക്കുക ക്ഷമാപൂര്‍വ്വം
കണ്ടില്ലെങ്കില്‍ തേടിപ്പിടിക്കുക

മകനേ,
വര്‍ത്തമാനങ്ങളിലെ  മാനങ്ങളെല്ലാം
വാസ്തവമായിരിക്കണമെന്നില്ല
വായിച്ചറിഞ്ഞത് മനനം ചെയ്യുക ‍
വരികള്‍ക്കിടയിലൂടര്‍‍ത്ഥം ഗ്രഹിക്കുക
വിവേകപ്പുറത്തുള്ള സഞ്ചരണം
വേഗത്തിലാക്കി നീ ലക്ഷ്യത്തിലെത്തുക


ദര്‍ശനമാത്രയിലൊന്നിലും വശംവദനാകാതെ
ദൃശ്യങ്ങളെ വിചിന്തനം ചെയ്യുക ‍
മാച്ചും വരച്ചും വര്‍ണങ്ങള്‍ ചേര്‍ത്തും
മാറ്റിമറിക്കാം  സംഭവങ്ങള്‍

മകനേ, എന്നറിവിന്റെ സാക്ഷ്യമിതാ
അമ്മചുരത്തും പാലും
സ്നേഹവുമല്ലാതൊന്നുമേ
നേരായ് നേരെയെടുക്കരുത്

ഇനി നിന്റെ ഊഴം .....





No comments: