Tuesday, September 28, 2010

കാരണമറിയില്ല

നട്ടുച്ച നേരത്ത്
ഓടിക്കിതച്ചു ഞാന്‍ വീട്ടിലെത്തുമ്പോള്‍
അമ്മ വിളമ്പിത്തരും
ചാക്കരിക്കഞ്ഞിയില്‍
കണ്ണീരുപ്പുകലര്‍ന്നിരുന്നത്
അന്നൊന്നുമറിഞ്ഞില്ല   ഞാന്‍

തൊട്ടുകൂട്ടാന്‍ തരും
വാളന്‍പുളി ചമ്മന്തിയില്‍
എരിവുകുറഞ്ഞത്‌
മുറ്റത്തെ മുളകുചെടിയില്‍ 
കാ‍ന്താരി
മൂക്കാത്തതുകൊണ്ടാണെന്ന്
അറിഞ്ഞിരുന്നില്ല ഞാന്‍

പെരുവഴിയോരത്തെ 
നാട്ടുമാവില്‍ മൂത്തമാങ്ങയും
അതിനടുത്തൊരു പക്ഷിക്കൂടും
കണ്ടാല്‍ കല്ലെറിയാതെ
കടന്നുപോയൊരെന്‍ ബാല്യം
കൂട്ടുകാര്‍ക്കന്നു പുച്ഛമായതിന്‍
കാരണമറിയില്ല

ഉച്ചതിരിഞ്ഞ്
പതിവുള്ള ശര്‍ക്കരക്കാപ്പിക്കൊപ്പം
കാച്ചിലോ, കപ്പയോ
കഴിക്കാനുണ്ടാകുമെന്നു
വിശപ്പിനോടു കുശലംപറഞ്ഞു
വീട്ടിലെത്തുമ്പോള്‍
കാപ്പിപോ,ലുമില്ലെന്നറിഞ്ഞ്
കരയാതിരുന്നതിന്‍ കാരണമറിയില്ല

മണ്ണെണ്ണവിളക്കിന്‍റെ
ചെറുതിരിവെട്ടത്തില്‍
ഉറക്കെ  വായിച്ചെത്ര പഠിച്ചിട്ടും
ക്ലാസ്സില്‍ കുട്ടികൃഷ്ണന്‍മാഷ്
ചോദിക്കുമ്പോള്‍ ഉത്തരം കിട്ടാത്തത് പോല്‍
നന്ദികേടിന്‍റെ പാഠങ്ങള്‍
ഇന്നും മറക്കുന്നതിന്‍
കാരണമറിയില്ല

ചിരിച്ചു കാണിക്കുന്നോരെയെല്ലാം
ചേര്‍ത്തുവെച്ചിട്ടു ഞാന്‍ വെറുതെ
നെഞ്ചുപൊള്ളിക്കുന്നതിന്‍ കാരണമറിയില്ല



വെയിലും, മഴയും പോല്‍
ഒളിച്ചുകളിക്കുന്നോര്‍മകള്‍
നൊമ്പരച്ചുഴിയില്‍വീണ്‌
മുങ്ങിത്താഴുന്നതിന്‍ കാരണമറിയില്ല


Tuesday, August 10, 2010

ഇരകള്‍

നിനവില്‍
നീരാളി വെയില്‍കായുന്നു
നിദ്രയില്‍
നരികള്‍ ഇരതേടുന്നു

പ്രളയമെടുത്ത
പ്രണയതുരുത്തില്‍
ഒറ്റപ്പെട്ട നിലവിളി
മുങ്ങിത്താഴുന്നു

തോണിയില്ലാത്ത കടവില്‍
കാട്ടാനകൂട്ടങ്ങള്‍ ദാഹംതീര്‍ക്കുന്നു
നീന്താനറിയാത്തവന്‍റെ
വനരോദനം കീറിമുറിഞ്ഞു തീറ്റയാകുന്നു

Tuesday, August 3, 2010

കുറിപ്പ്

വഴിയില്‍ വീണു കിട്ടിയതാണ്
ഇരുളില്‍,
ഇടം വലം നോക്കിയില്ല

ആഘാതങ്ങളുടെ ചങ്ങലഭാരം
പിന്തിരിഞ്ഞോടുമ്പോഴും
കാലിനു വേഗപ്പൂട്ട്

വെളിച്ചത്തിന്‍റെ മുന കൊണ്ട്‌
ആകാംക്ഷയുടെ ഞരമ്പ്‌ മുറിഞ്ഞു
അകത്തൊരു കുറിപ്പ്

വരികളിലെ വ്യാകരണങ്ങളും
പരിദേവനങ്ങളും
വീട്ടിലേക്കുള്ള വഴി പോലെ
സുപരിചിതം
ഈറകേറി

മറവിയുടെ ചവറ്റുകൊട്ട
നിറവയറോടെ
അടുത്തുതന്നെ ഉണ്ടായിരുന്നു

തുടലെടുത്തണിഞ്ഞു വീണ്ടും
ദുരിതപ്പാടുകളിലൂടെ
അണയാത്ത ശകാരപ്പുകയിലേക്ക്

അകലെ
കൂകിതുടങ്ങി
വൈകിയോടുന്ന വണ്ടി

Wednesday, July 21, 2010

ഉള്‍വിളി

ഇരുള്‍ ചേക്കേറും
രാവിന്‍റെ ചില്ലയില്‍
പൂക്കും നിലാവിലും
പൊഴിയും തൂമഞ്ഞിലും
കേഴുന്നൊരറ്റക്കിളിതന്‍
വിഷാദ രാഗം കേള്‍ക്കവേ
ഓര്‍ത്തുപോകുന്നു ഞാനോമനേ
നമ്മളില്‍ ആസന്നമായൊരു
വേര്‍പാടിന്‍റെ വേദന

മൗനം  മഴമുകിലായ്‌ നിറയുന്നു
മോഹം പോക്കുവെയിലായ് മായുന്നു

ദുരിതമലകള്‍ ചവിട്ടി
സുഖ ദു:ഖ നിമ്നോന്നതങ്ങള്‍ കടന്നു
ദീനദിനരാത്രങ്ങള്‍ പിന്നിട്ടു നമ്മള്‍
ഒടുവിലീ സായാഹ്ന തീരത്തിലെത്തീ

ഇവിടെയെന്‍ ചാരത്തിരുന്നു
ഓര്‍മ്മചെല്ലം തുറക്കും പ്രേയസി
നീ നൂറുതേയ്ക്കുന്ന തളിര്‍വെറ്റില പോല്‍
ഞെട്ടറ്റ പച്ചത്തുടിപ്പാകും നമ്മളും

എത്രമേല്‍ ഈടുറ്റ സ്നേഹബന്ധനവും
അറ്റുപോം മൃതിയുടെ കൈക്കരുത്തില്

കാത്തിരിക്കുമ്പോള്‍ കരിവണ്ടി പോലെ
കിതച്ചുമെല്ലെയിഴഞ്ഞും  ‍
ഓര്‍ക്കാപ്പുറത്തൊരു  മിന്നലായും
അനവസരത്തില്‍ വന്നെത്തി മരണം
നമ്മളെ വേര്‍പിരിക്കും
വിസ്മൃതിയിലേക്ക് കൊണ്ടുപോകും

നിയതി തന്‍ കാട്ടുതീയില്‍ എരിഞ്ഞു നാം
നിശൂന്യതയില്‍ അലിഞ്ഞുപോം മുമ്പേ
കത്തിച്ചു വെച്ച വിളക്കുപോല്‍
കനിവിന്‍ പ്രകാശം പരത്താം
നിസ്വന്‍റെ വറുതിയില്‍
സ്വാന്തന പൂമഴയാകാം
ആര്‍ത്തബന്ധുക്കളായ് നമുക്ക്
സ്നേഹ സങ്കീര്‍ത്തനം പാടാം

ഈ ഭൂമിയില്‍ നമ്മള്‍ ഉണ്ടായിരുന്നതായ്
അടയാളം തീര്‍ത്തിട്ടു പോകാം

അകലെ ഒരു മേഘഘോഷം
ആടി മഴയുടെ ആരവം
ആഴിത്തിരയുടെ ഗര്‍ജ്ജനം
പ്രളയമെടുക്കുമീ തീരം വിടാമിനി
മെല്ലെ മടങ്ങാം അന്തിത്തിരി കത്തും
മാടത്തിലുറങ്ങാം ശാന്തമായ്

അപ്രത്യക്ഷമാകുന്നവര്‍

അപ്രത്യക്ഷമാകുന്നവര്‍


കാവല്‍ മടുത്തിട്ടോ
കാലം കനച്ചിട്ടോ
മൗന വാല്മീകത്തില്‍
മനമൊളിപ്പിച്ചിരിക്കും
ശ്മശാന കാവല്‍ക്കാര
നിസ്സംഗതയുടെ ജരാനരകള്‍
തഴുകി ഓമനിക്കും നിന്‍റെ
ജഡീഭാവം വിട്ടുണര്‍ന്നു
ഓര്‍മയുടെ കുഴിമാടം
തോണ്ടിതുറന്നു പറയുമോ
ഈ ശവപറമ്പില്‍
ഏതു കോണിലാണ് നീ
ആറടി മണ്ണ് കുഴിച്ചതെന്‍ ചങ്ങാതിക്ക്

പറഞ്ഞാലറിയുന്ന അടയാളമില്ല
എങ്കിലും പറയാം അറിയുന്നതെല്ലാം

ആളൊരു പടയാളിയായിരുന്നു
ആയോധന മുറകള്‍ പഠിച്ചിരുന്നു
ആയുധപ്പുരകളും
അനുയായി വൃന്ദവും
ആത്മ ബലത്തിന് അക്ഷര തെളിച്ചവും
ആവോളമുണ്ടായിരുന്നു

പുഞ്ചിരിപ്പൂവില്‍ വിഷം തെളിച്ചില്ല
നേരിന്‍റെ കതിരായ് വാക്കുകള്‍ വിളയിച്ചു
ഇഷ്ടമില്ലാത്തോര്‍ ദുഷ്ടരായ് മാറുന്ന
പകയുടെ പ്രത്യയശാസ്ത്രം വെറുത്തു

അശാന്തി ഭയന്നവന്‍ അങ്കം കുറിച്ചില്ല
ആശയം വിറ്റവന്‍ നടു വളച്ചില്ല
പടച്ചട്ടയൂരി പടവീട് വിട്ടവന്‍
'വീറും പകയുമില്ലാത്തവന്‍ ഭീരു' !

അങ്കം ഉപേക്ഷിക്കുന്ന യോധ്ധാവിനെന്നും
അവജ്ഞയുടെ കല്ലേറ് മാത്രം

പീഡനത്തിന്‍റെ ഒടുക്കത്തെ അത്താഴ രാത്രി
ഒറ്റിക്കൊടുത്തുറ്റവര്‍, തോഴര്‍

വാക്ക് പയറ്റ് അറിയാത്തതിന്നു ശിക്ഷയായ്
ശിരസ്സ്‌ ഛേദിക്കപ്പെട്ടവന്‍
വിസ്മൃതിയുടെ വിഭൂതിയായ്
വിലയിച്ചേതോ  തരംഗങ്ങളില്‍

എവിടെ അപ്രത്യക്ഷമായ്
നീയും മറഞ്ഞുവോ കാവല്‍ക്കാര
ഇനി നിന്നെക്കുറിച്ച് ഞാന്‍
ആരോടു ചോദിക്കും

Tuesday, July 20, 2010

മടിയൻ



നീ ആശ്രിതവത്സലന്‍
നിന്നിലഭയം തേടുന്നു ഞാന്‍

നിന്‍റെ ഉയരങ്ങളിലേക്ക്
എന്‍റെ ഭാരങ്ങള്‍ ഉരുട്ടി കയറ്റി
കൈവിട്ടു കാത്തിരിക്കുന്നു ഞാന്‍,
നിന്‍റെ താങ്ങും തലോടലും

എനിക്ക് വയ്യ; ഭാരം ചുമക്കാന്‍
എന്‍റെ പാപ ചുമടുകള്‍ നീയെടുത്താലും
ചൂട്ടുകത്തിച്ചു നീ മുന്നേ നടക്കുക
നിര്‍ഭയം ജീവിത കൂരിരുള്‍ താണ്ടുവാന്‍

നിന്‍റെ സൌമനസ്യത്തിന്റെ
സാഗരത്തില്‍ നിന്നും തരിക
സൌഭാഗ്യത്തിന്റെ മുത്തുച്ചിപ്പികള്‍
തിരയടിചെന്റെ  ദുരിതങ്ങളൊക്കെയും
ദൂരേക്ക് നീക്കി നീ
കനിവ് കാണിക്കുക

അക്ഷരമന്ത്രങ്ങള്‍തന്‍ ഉരുക്കഴിക്കാം
നിന്‍റെ നാമം ഞാനതില്‍ കൊരുക്കാം
കിട്ടുന്നതില്‍ പാതി നിനക്ക്
കിട്ടാകടങ്ങള്‍ മുഴുവന്‍ നിനക്ക്

എനിക്ക് വേണ്ട കർമ്മഭാണ്ഡങ്ങള്‍
കടമതന്‍ തിരുമുടി കെട്ടുമെടുക്കില്ല
യാത്രയാകുന്നു ഞാന്‍ ദേശാടനത്തിനു
ശാപതാപത്തില്‍ നിന്നും നീ കാക്കുക

Sunday, July 18, 2010

പറിച്ചു നടല്‍

പറിച്ചു നടല്‍

മുളച്ചിടത്തല്ല
പച്ച പിടിച്ചത്

പറിച്ചു നടല്‍
അതിജീവനത്തിന്റെ
അധികവിളയുടെ
ജൈവശാസ്ത്രം

വേരുറപ്പില്ലായ്മയുടെ
വേവലാതികളിലും
നീരോട്ടമില്ലായ്മയുടെ
വറുതിയിലും
ശിഖരങ്ങളെ ചുമന്ന്
നടുവളഞ്ഞു

വേരറ്റ് വീഴുന്നതിനു മുമ്പൊരു
തിരിഞ്ഞു നോട്ടത്തില്‍ കണ്ടു
പിറന്ന മണ്ണിലും വളര്‍ന്ന മണ്ണിലും
അവശേഷിച്ച അടയാളങ്ങളെ
തേച്ച്മാച്ച് കളഞ്ഞ് കാലം
പുതിയ ചിത്രങ്ങള്‍
വരയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു