Tuesday, June 7, 2011

ഞാന്‍ മാത്രം



ഊതിക്കത്തിക്കുന്ന
വിറകടുപ്പിൽ
മണ്‍കലത്തില്‍ വേവുന്നു
തുവരപരിപ്പ്

വടിച്ചൂറ്റി വെച്ച
ചാക്കരിച്ചോറിനു കൂട്ട് 

ഉപ്പും, മുളകും
ഉള്ളിയും, വെളിച്ചെണ്ണയും ഉണ്ട് 
കഷ്ടം! കറിവേപ്പില ഇല്ല.

Tuesday, May 24, 2011

മാപ്രാണന്‍ ജോണേട്ടന്‍



ജീവിത യാത്രയില്‍ കണ്ടുമുട്ടുന്ന പല മനുഷ്യരില്‍ ചിലരെ യാത്രയുടെ അവസാനംവരെ മറക്കാന്‍ കഴിയില്ല. ഒരുപക്ഷെ അവര്‍ വഴക്കാളികളുടെ രൂപത്തിലോ സഹായികളായിട്ടോ നമ്മുടെ ജീവിതത്തില്‍ കടന്നുവന്നതാകാം. കുലയിടം എന്ന എന്‍റെ കൊച്ചു ഗ്രാമത്തില്‍ അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു; മാപ്രാണന്‍ ജോണേട്ടന്‍.

മൂന്ന് ഭാഗവും വയലും നടുക്കൊരു കുന്നും അതാണ്‌ ഞങ്ങളുടെ ഗ്രാമമായ കുലയിടത്തിന്‍റെ ഭൂമി ശാസ്ത്ര ഘടന. അകലെയുള്ള പ്രദേശങ്ങളില്‍ നിന്നും വന്നു താമസമാക്കിയ കൂലിപ്പണിക്കാരും, കൈത്തൊഴിലുകാരും, ചെറുകച്ചവടക്കാരും, കൊരട്ടിയിലെ പഴയ ജമുന (ഇന്നത്തെ വൈഗ) ത്രെഡ് മില്സിലെ ജീവനക്കാരും പിന്നെ കുറച്ചു പാരമ്പര്യ കര്‍ഷകരും കൂടിക്കലര്‍ന്നു ജീവിക്കുന്ന ഇടത്തരക്കാരുടെ ഗ്രാമമാണ് കുലയിടം. വര്‍ഗ്ഗീയ വിഷം ചീറ്റാത്ത, രാഷ്ട്രിയ കലാപങ്ങള്‍ തിരികൊളുത്തിയിട്ടില്ലാത്ത, ശാന്ത സുന്ദരവും, സൗഹൃദ സുരഭിലവുമായ മാതൃകാ ഗ്രാമം.

നാല്പതു വര്‍ഷം മുമ്പുവരെ പുറമ്പോക്ക് ഭൂമിയായിരുന്നു ഈ പ്രദേശം. ഇന്നെല്ലാവര്‍ക്കും പട്ടയം ഉണ്ട്.പണ്ടു, വേനല്‍ക്കാലത്ത് കുടിവെള്ളം താഴെ ഭാഗത്തുള്ള കിണറുകളില്‍ നിന്നും കോരി ചുമന്നു കൊണ്ടുവരണം. ഈ ഗ്രാമത്തില്‍ വൈദ്യുതി വന്നിട്ട് ഏകദേശം നാല്പതു വര്‍ഷത്തില്‍ അധികമായിട്ടില്ല. ഇന്ന്, കുടിക്കാനും പറമ്പ് നനയ്ക്കാനും വേനല്‍ക്കാലത്ത് വെള്ളം കിട്ടുന്നുണ്ട്. പഴയ ഇടവഴികള്‍ ടാറിട്ടു ഗതാഗത സൗകര്യം വര്‍ദ്ധിപ്പിച്ചു. ഊര്ജസ്വലരായ ഒരുപറ്റം ചെറുപ്പക്കാരുടെ വലിയ ത്യാഗത്തിന്‍റെ ചരിത്രമുണ്ട് ഇതിനൊക്കെ പിന്നില്‍.

പ്രധാന റോഡിന്‍റെ ഇരുപുറവും താമസിക്കുന്നവര്‍ക്ക് പുരയിടവും പറമ്പും അടക്കം ഏറ്റവും കൂടിയ ഭൂമിയുടെ ദൈര്‍ഘ്യം ഇരുപതു സെന്‍റ് മാത്രം. വീടുകള്‍ തമ്മില്‍ അധികം ദൂരമില്ല. വീട്ടുകാരുടെ മനസ്സുകള്‍ തമ്മിലും അകലമില്ല. വിശാസികളും, അമ്പലവും, പള്ളിയും, മസ്ജിദും സജീവമാണ്.ഞങ്ങളുടെ തലമുറയിലുള്ളവര്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരു കഥാപാത്രമാണ് മാപ്രാണന്‍ ജോണേട്ടന്‍. ഞങ്ങളുടെ ഗ്രാമത്തിലെ ഒരു നിത്യ വഴക്കാളിയായിട്ടാണ് അദ്ദേഹം അറിയപെട്ടിരുന്നത്. മാപ്രാണന്‍ എന്നതു തറവാട്ടു പേരാണ്. പോലീസുകാര്‍ കുലയിടത്ത് വന്നിരുന്നത് ഇദ്ദേഹത്തെ അറസ്റ്റു ചെയ്യാനും, കോടതി സമന്‍സുകള്‍ കൈമാറാനും മാത്രമാണ്. പോലീസിന് നേരിട്ട് പിടികൊടുക്കുന്ന പ്രശ്നമില്ല,

കൊരട്ടി ചാലില്‍ വളച്ചു കെട്ടിയെടുത്ത കുറച്ചു കൃഷിപ്പാടവും, താമസിച്ചിരുന്ന ഇരുപതു സെന്‍റ് വരുന്ന പുരയിടവും മാത്രം സ്വന്തമായി അവശേഷിച്ച പഴയ ഇടത്തരം ജന്മി കുടുംബത്തിലെ അവസാനത്തെ ആണ്‍തരി. സ്വന്തം അപ്പനുമായി കേസും തല്ലുപിടുത്തവുമായി വര്‍ഷങ്ങളോളം കഴിഞ്ഞു. ഒടുവില്‍ അവകാശം ഒന്നും കാര്യമായി കിട്ടാതെ നിരാശനായി. ജീവിതം വഴി തെറ്റിയത് അവിടം മുതലാണോ എന്നറിയില്ല.

ഒറ്റ മുണ്ടും (കൈലി), തോളില്‍ ഒരു തോര്‍ത്തും അതായിരുന്നു വേഷം. കോടതിയില്‍ വ്യവഹാര കാര്യങ്ങള്‍ക്ക് പോകുന്ന ദിവസവും, ആഴ്ചയിലൊരിക്കല്‍ പള്ളിയില്‍ പോകുമ്പോളും, അകലെ യാത്രകളിലും മാത്രമേ ഷര്‍ട്ട്‌ ധരിച്ചു കണ്ടിട്ടുള്ളൂ. തടിച്ചു തൂങ്ങിയ ശരീരവും, കുംഭയും പുറത്തു കാണിക്കുന്നതില്‍ ഒരു നാണവും ഉണ്ടായിരുന്നില്ല. എന്‍റെ വീടിന്‍റെ അടുത്തുണ്ടായിരുന്ന പരീതുക്കായുടെ ചായക്കടയില്‍ നന്നേ വെളുപ്പിന് പതിവായി എത്തുന്ന ജോണേട്ടന്‍ കടുപ്പത്തില്‍ കിട്ടുന്ന ചായയും കുടിച്ചു ഇടക്ക് ആപ്പിള്‍ ബീഡിയും വലിച്ചു തലേന്ന് കള്ളുഷാപ്പില്‍ നിന്നും കിട്ടിയ നാട്ടു വാര്‍ത്തകള്‍ അവിടെ പരസ്യം ചെയ്യും. നാട്ടിലെ പല സംഭവ വികാസങ്ങളും, രഹസ്യങ്ങളും ആ ചായകടയിലാണ് വിവരിക്കപ്പെടുന്നത്. പലതും സത്യവും, അര്‍ദ്ധ സത്യങ്ങളും, ചിലത് അസത്യങ്ങളും ആയിരിക്കും.

പിന്നീട് എന്നെ ചായക്കട ആകര്‍ഷിച്ചതിന്‍റെ പ്രധാന ഘടകം ഈ നാട്ടു വര്‍ത്തമാനങ്ങള്‍ തന്നെയായിരുന്നു. ഞാന്‍ നാട്ടിലുള്ളപ്പോള്‍ ഇന്നും ആ ശീലം മുടക്കാറില്ല. ചായക്കടക്കാരന്‍ മാറിയെന്നു മാത്രം, ഇന്ന് വീരാനിക്കാടെ ചായക്കട.

എനിക്ക് ഓര്‍മവെക്കുന്ന കാലം മുതല്‍ രാത്രി ഇരുട്ടുമ്പോള്‍ പതിവ് തെറ്റിക്കാതെ ആരെയൊക്കെയോ വഴക്ക് പറഞ്ഞു പോകുന്ന ജോണേട്ടന്‍ കള്ള്ഷാപ്പില്‍ നിന്നാണ് ആ നേരത്ത് വരുന്നതെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു തന്ന അറിവുണ്ടായിരുന്നു. എതിരാളികളെ തെറി പറയാനും ചീത്ത വിളിക്കാനും ഒരു മടിയും, നാണവും ഇല്ലാത്ത പോക്കിരിയുടെ റോളായിരുന്നു അപ്പോളൊക്കെ. നമുക്ക് ആരോടെങ്കിലും വിരോധം തീര്‍ക്കാന്‍ ഉണ്ടെങ്കില്‍ ജോനേടന് കള്ള്കുടിക്കാന്‍ കാശ് കൊടുത്താല്‍ മതി അയാളെ ചീത്ത വിളിച്ചു നടന്നോളും എന്നാണു അന്നൊക്കെ പറഞ്ഞു കേട്ടിരുന്നത്. തല്ലു കിട്ടിയാലും നിര്‍ത്താത്ത ആ സ്വഭാവ വൈകൃതം ഞങ്ങളുടെ ഗ്രാമത്തിലെ ഒരു പ്രധാന വില്ലന്‍ കഥാപാത്രമാക്കി ജോണേട്ടനെ.

പരീതുക്കായുടെ ചായക്കടയില്‍ നന്നേ വെളുപ്പിന് ചായ കുടിക്കാന്‍ എത്തുന്ന ജോണേട്ടന്‍ മലയാളം ദിനപത്രം എത്തിയിട്ട് വായിച്ചേ തിരികെ പോകൂ. പത്ര വാര്‍ത്തയിലെ രാഷ്ട്രീയ, സാമൂഹ്യ സംഭവ വികാസങ്ങള്‍ ഉച്ചത്തില്‍ ചര്‍ച്ച ചെയ്യുന്നതും കേള്‍ക്കാം. പതുക്കെ സംസാരിക്കുന്ന സ്വഭാവം ഇല്ലായിരുന്നു. ചായക്കടയില്‍ നിന്നും തിരികെ പോകുന്ന ജോണേട്ടന്‍ വഴിയില്‍ ഞങ്ങളെ കാണുമ്പോള്‍ കളിവാക്കുകള്‍ പറഞ്ഞു ചിരിപ്പിക്കുകയും, തലയില്‍ തോണ്ടുകയും ചെയ്യുമായിരുന്ന ഒരു രസികനായിരുന്നു. പകല്‍ നേരങ്ങളില്‍ പരിമിതമായ ബഹളമേ ഉണ്ടാക്കൂ.

ഇങ്ങനെയൊക്കെയാണെങ്കിലും, ഏതു കല്യാണ, മരണ വീടുകളിലും എന്ന് വേണ്ട നാട്ടില്‍ ഏതു അത്യാവശ്യ ഘട്ടത്തിലും ആദ്യം ഓടിയെത്തുന്ന വ്യക്തികളില്‍ ഒരാളായിരിക്കും ജോണേട്ടന്‍. ആദ്യാവസാനം മുന്നില്‍ നില്‍ക്കും. എന്നിട്ടോ? പതിവുപോലെ വൈകുന്നേരം മദ്യഷാപ്പിലെക്കും പിന്നെ തിരികെ വരുമ്പോള്‍ ശബ്ദ മലിനീകരണം നടത്തി നാട്ടുകാരുടെ ശാപവാക്കുകള്‍ ഏറ്റു വാങ്ങാനും മടിയില്ല.

ഞങ്ങള്‍ മിക്കവാറും പാഠപുസ്തകത്തിന്‍റെ മുന്നില്‍ ഇരിക്കുന്ന സമയത്തായതിനാല്‍ ഉറക്കം തൂങ്ങി പോകുന്നവര്‍ പെട്ടെന്ന് ഉണരും. പേടിയുള്ള ചിലരുടെ പടിക്കല്‍ എത്തുമ്പോള്‍ ശബ്ദത്തിന്‍റെ വോളിയം അല്പം കുറയ്ക്കും. ഞാന്‍ വളര്‍ന്നു പഠിപ്പൊക്കെ കഴിഞ്ഞു നാട്ടില്‍ പൊതു പ്രവര്‍ത്തനം നടത്താന്‍ തുടങ്ങിയ കാലത്താണ് ജോണേട്ടനെ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഒരുപൂ മാത്രം കൃഷി ചെയ്യുന്ന കോളില്‍ നിന്നും കിട്ടുന്ന വരുമാനവും, മക്കളും ഭാര്യയും പണിക്കു പോയി കിട്ടുന്ന കൂലിയുടെ ഏറിയ പങ്കും കുടിച്ചു തീര്‍ത്തു വഴക്കാളിയായി നടക്കുന്ന ആളെ ഞങ്ങള്‍ നാടിന്റെ വികസന പ്രവര്‍ത്തനത്തില്‍ പങ്കാളിയാക്കി കൂടെ കൊണ്ടു നടന്നു. വളരെ ഉത്സാഹത്തോടെ ആത്മാര്‍ത്ഥതയോടെ ഏല്‍പിച്ച ചുമതലകള്‍ ഭംഗിയായി നിറവേറ്റി. ചിലരൊക്കെ പരിഹസിച്ചെങ്കിലും ഞങ്ങള്‍ കാര്യമാക്കിയില്ല. കുലയിടം ഗ്രാമത്തിന്‍റെ വളര്‍ച്ചയുടെയും ഉണര്‍വിന്‍റെയും പര്യായമായ ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതിയില്‍ ജോണേട്ടന്‍റെ അധ്വാനവും വിയര്‍പ്പും ഉണ്ട്. ഇത്തരം ആളുകളെ ക്രിയാത്മ രംഗത്തേക്ക് തിരിച്ചു വിട്ടാല്‍ വിജയിക്കും എന്നത് ഞങ്ങളുടെ അനുഭവമാണ്‌.

അമിതമായ മദ്യപാനം കരള്‍ കാര്‍ന്നു തിന്നുന്നതറിഞ്ഞിട്ടും രോഗത്തിനോടും മരണത്തിനോടും തെല്ലും പേടിയില്ലാതെ കുടിച്ചു ജീവിച്ച ആ ജീവിതം ഒരു പ്രഹേളികയാണ് ഇന്നും. ആരെയും ഭയമില്ല. പറയാനുള്ളത് എവിടെയും വെട്ടിത്തുറന്നു പറയും. ഏറ്റെടുക്കുന്ന ദൌത്യം വിജയിപ്പിക്കും.

ഞാന്‍ നാടുവിട്ടു ഖത്തറിലേക്ക് പോരുമ്പോള്‍ എന്നെ യാത്രയാക്കാന്‍ വന്നിരുന്നു. അന്നും ഞാന്‍ പതിവുപോലെ ഉപദേശിച്ചു കുടി നിറുത്താന്‍. വിനയപൂര്‍വ്വം തലകുലുക്കി. തിരികെ നാട്ടില്‍ എത്തുമ്പോള്‍ ഞാന്‍ കരുതിവെച്ച ഷര്‍ട്ട്‌ പീസും, മുണ്ടും വാങ്ങിക്കാന്‍ വരാന്‍ പോലും കഴിയാത്ത പരുവത്തിലായിരുന്നു. ഞാന്‍ കൊണ്ടുപോയി കൊടുത്തു.  അധികം വൈകാതെ കുറെനാള്‍ രോഗശയ്യയിലും പിന്നീട് അറുപത്തി ഏഴാമത്തെ വയസ്സില്‍ (1992  October 6)
ആ ബഹളക്കാരന്‍ നിശ്ശബ്ദനായി കൊരട്ടി പള്ളിയിലെ സെമിത്തേരിയില്‍ ഒടുങ്ങി.
 

ദൂരം

ദൂരം മറന്ന്‍ ഞാന്‍
ദൂരേക്ക്‌ പായുമ്പോള്‍
പാടേ മറന്നൊരു  പാട്ടിന്‍
പല്ലവി  കേട്ടു ഞാന്‍ വീണ്ടും
അരികിലെങ്ങോ
മൗനവിളയാട്ടം നിറുത്തി
മണിവീണ മീട്ടും സഖി നീ
മറന്നില്ലേ ആ പഴയ രാഗം

പാടവരമ്പിലും
പൂവേലിക്ക് പിന്നിലും
മിഴി കോര്‍ത്ത നാളില്‍
മൊഴി ‍വറ്റി
നിന്നു നീ വിവശം
വെച്ചുനീട്ടിയ പുഞ്ചിരിപൂ
ഇന്നും വാടിയിട്ടില്ല,
വര്‍ണ്ണമിത്തിരി
മാഞ്ഞെന്നാലും

ഓര്‍ത്തിരുന്നു ഞാനൊരുപാട് നാള്‍
കാത്തു ഞാന്‍ കാലൊച്ച
പിന്നെ നിന്‍റെ മൗനക്കടലില്‍
മുങ്ങിമരിച്ചെന്‍റെ പ്രണയം

മറക്കുക, നമ്മളറിയില്ല
നമ്മാളുന്ടായിരുന്നില്ല!

Thursday, February 24, 2011

അവള്‍

ഉടഞ്ഞുലഞ്ഞ
ഉടല്‍നീറ്റത്തോടെ
ഉയിര്‍ പിടിച്ചെഴുനേറ്റു
ഉറക്കച്ചടവോടെ

ഉടയാടയും
ഉത്കണ്ഠയും വാരിച്ചുറ്റി
ഊളിയിട്ടവള്‍
ഉറ്റവരുടെ അങ്കലാപ്പിലേക്ക്


കൂട്ടികൊണ്ടുവന്നവര്‍
രാത്താവളം വിട്ടിരിക്കുന്നു


കാറ്റും മഴയും
കൊത്തിപ്പിരിഞ്ഞ പകല്‍വഴിയില്‍
വെയില്‍ ചിക്കിയുണക്കുന്നു
അങ്കപ്പാടുകള്‍

രാത്രി വിരുന്നിന്‍റെ
എച്ചില്‍ കൂമ്പാരത്തിന്നരികെ
നിരാഹാരപ്പുഴുക്കള്‍
സംഘഗാനം പാടുന്നു

നഗരത്തിരക്കില്‍
കാഴ്ച്ചകള്‍ കൊള്ളയടിക്കുന്ന
പ്രദര്‍ശനക്കാരുടെ
അംഗലാവണ്യം പൊതിഞ്ഞ
ചേലത്തുമ്പില്‍
കൊത്തിവലിക്കുന്ന കാമക്കണ്ണുകള്‍

ക്രോധത്തിന്‍റെ കരിങ്കല്‍ച്ചീളുകളാല്‍
നോട്ടങ്ങളെറിഞ്ഞുടച്ച്
പിടിവിട്ടോടുന്ന സമയത്തിന്‍റെ
പിന്നില്‍, നഗരത്തില്‍ നിന്ന്
ഗ്രാമത്തിലേക്കും, അവിടുന്ന്‌
നിരാലംബതയുടെ നിലവിളി
കൂട്ടിവെച്ചിട്ടുള്ള കുടിലിലേക്കും
നടന്നുകയറി അവള്‍
അവിടെ ബാക്കിയുണ്ടായിരുന്നു
അവള്‍ക്ക് യാതനയുടെ തടവ്ശിക്ഷ

Tuesday, February 15, 2011

ആദ്യ പ്രണയം

ആദ്യ പ്രണയം

ഒരു പുലരിത്തുടുപ്പിന്‍റെ
പുളകങ്ങള്‍ പോലെ
ഒരീറന്‍കാറ്റിന്‍റെ സൗരഭ്യം പോലെ
ഒഴുകിവന്നെന്നെ തഴുകിയുണര്‍ത്തിയ
ഓമല്‍ കിനാവേ പൂങ്കിനാവേ
നിന്നെ ഞാനെന്തു വിളിക്കും
നിന്നെ ഞാനെങ്ങനെ മറക്കും


നമ്രമുഖവുമായ്‌ മന്ദമായാത്രയും
ഒരു ചില്ലുവളപോലുമില്ലാ കരങ്ങളും
ലാളിത്യമേറുമാ വേഷങ്ങളും
എങ്ങനെ ഞാന്‍ മറക്കും

കനകമണിയാത്ത പെണ്ണെ
കരളിന്‍മണിച്ചെപ്പില്‍ നിത്യവും
മുത്തുകള്‍ നിറയ്ക്കുന്ന പെണ്ണെ
നിന്നെ ഞാനെന്നേ മനസ്സില്‍ പ്രതിഷ്ഠിച്ചു
എന്നേ ഞാനാരാധന തുടങ്ങീ
ഇനി നിന്നെ ഞാനെന്തു വിളിക്കും
നിന്നെ ഞാനെങ്ങനെ മറക്കും

Saturday, February 12, 2011

ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത

ഫ്യുഡലിസം, ഫാസിസം, കമ്മ്യൂണിസം എന്നിവയുടെ സംഘര്‍ഷങ്ങളും, ആധിപത്യവും, അധ:പതനവും ലോകം കണ്ടുകഴിഞ്ഞതാണ്‌. എന്നാല്‍ നൂറ്റി ഇരുപത്തിഅഞ്ചു വര്‍ഷത്തെ പഴക്കമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ തത്വസംഹിതകള്‍ ഇന്നും തളരാതെ, തകരാതെ ജനഹൃദയങ്ങളില്‍ ജീവിക്കുകയാണ്.

ഇന്ത്യന്‍ ജനതയില്‍ ശരിയായ ദേശീയതയും ദിശാബോധവും വളര്‍ത്തിയ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ മാത്രമാണെന്ന് വിവേകശാലികള്‍ വിലയിരുത്തിയിട്ടുള്ള യാഥാര്‍ത്യമാണ്. വൈവിദ്ധ്യ സംസ്കാരങ്ങളുടെ വൈരുദ്ധ്യങ്ങളില്‍ തട്ടി തകരാതെ ദേശീയമൂല്യങ്ങളെ സംരക്ഷിച്ചു വിജയിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനവും കോണ്‍ഗ്രസ്‌ തന്നെയാണ്.

ഫ്രഞ്ച് വിപ്ലവ കാലത്ത് മര്‍ദ്ദിതരുടെ മനസ്സില്‍ ഉറവപൊട്ടിയ ദേശീയത എന്ന പുത്തന്‍ പൊതുജനവികാരം പിന്നീട് ജെര്‍മനിയിലും, ഇറ്റലിയിലും ഫാസിസ്റ്റുകള്‍ ‍അധികാരം പിടിച്ചെടുക്കാന്‍ ആയുധമാക്കി ദുരുപയോഗംചെയ്തിട്ടുണ്ട് എന്നത് ചരിത്ര സത്യമാണ്. സ്വരാജ്യ സ്നേഹവും ദേശീയതയും രണ്ടായി തരം തിരിച്ചു നമ്മുടെരാജ്യത്തും ഫാസിസ്റ്റുകള്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതച്ചു കാത്തിരിക്കുന്നതും നമ്മള്‍കണ്ടുകൊണ്ടിരിക്കുന്നു. അവരുടെ ഉന്നം ആര്യ സംസ്കാരത്തിന്റെ ആധിപത്യവും മറ്റെല്ലാസംസ്കാരങ്ങളുടെയും, മാനവീകതകളുടെയും ഉന്മൂലനവുമാണ്.

ഇരകളെ സൃഷ്ടിക്കുന്ന കാപട്യങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങളെ പഠിപ്പിക്കുന്നതാണ് കോണ്‍ഗ്രസ്‌ സംസ്കാരം. അല്‍പവിവേകത്തിന്‍റെ വാരികുന്തങ്ങളും, ത്രീവ വികാരത്തിന്‍റെ ത്രിശൂലങ്ങളും, വിധ്വംസനത്തിന്റെ  ടൈം ബോംബുകളും ഉപയോഗിച്ച് വേട്ടയാടി പിടിച്ചതല്ല ഇന്ത്യന്‍ സ്വാതന്ത്ര്യം, നിരന്തരമായ സഹന സമരങ്ങളിലൂടെ നേടിയതാണ്. അഹിംസയും, സത്യാഗ്രഹവും, നിസ്സഹകരണ സമരമുറകളും ലോകത്തിനു പരിചയപ്പെടുത്തിയത് നമ്മളാണ്.


അഞ്ഞൂറ്റിഅറുപത്തിരണ്ടു നാട്ടുരാജാക്കന്മാരുടെ പ്രജകളായും, ചാതുര്‍വര്‍ണ്യത്തിന്റെ തടവുകാരായും, വൈദേശികളുടെ ഒറ്റുകാരായും, കലഹിച്ചും, കഷ്ടിച്ചും ജീവിച്ചിരുന്ന ജനതയെ സ്വാതന്ത്ര്യം എന്ന ആശയത്തിലൂടെ ഒരുമിപ്പിക്കുകയും സഹന സമരങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളേയും ഒപ്പം നിർത്തുകയും  ചെയ്തുകൊണ്ടു ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്‍റെ പതാകവാഹകരാകുവാന്‍ കഴിയുന്നത്‌ നമുക്ക് അഭിമാനമാണ്.


ഇന്ത്യാവിഭജനം ഉയര്‍ത്തിയ കാലുഷ്യവും ദുഖവും രണ്ടു മതങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുകയും, രക്തരൂക്ഷിത കലാപങ്ങള്‍ പടരുകയും ചെയ്തുകൊണ്ടിരുന്ന സന്ദിഗ്ദ്ധ ഘട്ടത്തിലാണ് ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യം നമുക്ക് കൈമാറിയത്. കൊള്ളയടിക്കപെട്ടതിന്‍റെ, കത്തിയെരിഞ്ഞതിന്‍റെ അവശിഷ്ടങ്ങളില്‍ നിന്നും ആധുനിക ഇന്ത്യകെട്ടിപ്പടുക്കുക എന്ന ശ്രമകരമായ ദൌത്യം ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്‌ ഏറ്റെടുക്കുമ്പോള്‍ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. ഇന്ന് എല്ലാം നേടിയെന്ന മിഥ്യാബോധം നമുക്കില്ല. എന്നാല്‍ പരിമിതികളില്‍ നിന്നും പരമോന്നതിയിലേക്കുള്ള പ്രയാണം അഭംഗുരം തുടരുകയാണ്.  ബ്രിട്ടീഷുകാർ സമ്മാനം തന്ന ഫൗണ്ടൻ പേനയിൽ ഉപയോഗിക്കാനുള്ള മഷിപോലും അന്ന് നമ്മൾ ഇറക്കുമതി ചെയ്യണമായിരുന്നു.  ഇന്നോ 


കോണ്‍ഗ്രസിന്‍റെ മഹത്വം അറിയണമെങ്കില്‍ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യണം. വര്‍ഗ, വര്‍ണ,ജാതി, മത വ്യത്യാസമില്ലാതെ ഏവര്‍ക്കും തോളുരുമ്മി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റൊരു ബഹുജന രാഷ്ട്രീയപ്രസ്ഥാനം ഇന്ത്യയില്‍ വേറെയില്ല എന്ന സത്യം ആര്‍ക്കും നിഷേധിക്കുവാന്‍ കഴിയില്ല. ഒന്നേകാല്‍ നൂറ്റാണ്ടിന്‍റെ പാരമ്പര്യം അനുകൂലികളെയും പ്രതികൂലികളെയും ഉണ്ടാക്കിയിട്ടുണ്ട് എന്നതും വിസ്മരിക്കാന്‍കഴിയില്ല.  മനുഷ്യ നിര്‍മ്മിതമായ ഏതു തത്വസംഹിതയിലും വിശ്വാസത്തിലും, ആചാരത്തിലും കാലാനുശ്രതമായ മാറ്റം അനിവാര്യമാണ്. മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ കഴിയുന്നവരും അല്ലാത്തവരും ഒരുപോലെ പരിഗണിക്കപ്പെടുകയും മാനിക്കപ്പെടുകയും ചെയ്യുന്നരീതിയാണ് സമവായവും സഹിഷ്ണതയും. ഗുണങ്ങളാണ് കോണ്‍ഗ്രസിനെ വേറിട്ട പ്രസ്ഥാനമായിസാധാരണക്കാര്‍ നെഞ്ചിലേറ്റുവാനുള്ള കാരണം. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മൌലാന അബുല്‍ കലാം ആസാദ് തുടങ്ങിയ ദീര്‍ഘദൃഷ്ടികളും, മനുഷ്യസ്നേഹികളും നേതൃത്വം വഹിച്ച കോണ്‍ഗ്രസിന്‍റെ ചരിത്രം ആരംഭിക്കുന്നത് ഇന്ത്യന്‍സ്വാതന്ത്ര്യ സമരത്തിലൂടെയാണെങ്കിലും രാജ്യപുരോഗതിക്കും, ഐക്യത്തിനും നേതൃത്വം കൊടുക്കുന്ന ദൌത്യമാണ്ഇന്നും തുടരുന്നത്. ആര്‍ഷഭാരത സംസ്കാരവും, ജനതയുടെ ആത്മവിചാര-വികാരധാരകളും, തിരിച്ചറിഞ്ഞവര്‍ക്കെ നൈമിഷിക വികാര വിക്ഷോപങ്ങളുടെ അപകടങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയൂ.

കോണ്‍ഗ്രസ്‌ എന്നും പ്രചരിപ്പിക്കുന്നതും, ആദരിക്കുന്നതും ദേശീയ വീക്ഷണങ്ങളെയാണ്. കാരണം മറുചിന്തകള്‍ രാജ്യദ്രോഹികള്‍ ചൂഷണം ചെയ്യുമെന്നും, തീവ്രവാദവും, വിഘടന വാദവും പ്രോത്സാഹിപ്പിക്കുമെന്നും തിരിച്ചറിഞ്ഞവരാണ് നമ്മള്‍. ബഹു-മത, ബഹു-സ്വര, ബഹു-വര്‍ഗ്ഗ ബഹുമാനം എന്നും കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌തന്നെയാണെന്ന് വര്‍ത്തമാന കാലത്തിന്‍റെ മാത്രമല്ല പോയ കാലത്തിന്‍റെയും സാകഷ്യപത്രമാണ്‌. മത സൌഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നതും, വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതും, അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും,എതിരാളികളെ ശാരീരികമായി ഇല്ലായ്മചെയ്യുന്നതും കോണ്‍ഗ്രസ്‌ സംസ്കാരമല്ല. അതുകൊണ്ടു തന്നെയാണ്കോണ്‍ഗ്രസ്‌ സംസ്കാരം ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനശിലയെന്നു പറയുന്നതും.

Thursday, February 10, 2011

എന്തായാലും പുരോഗതിയുണ്ട്. നാല്‍പതു ലക്ഷം ബി.പി.എല്‍! ഒരു കുടുംബത്തില്‍ ശരാശരി അഞ്ചു അംഗങ്ങള്‍ വീതം എടുക്കാം. ഏകദേശം ഇരുപത് ലക്ഷം മലയാളികള്‍ എന്‍.ആര്‍.ഐ. കളാണ് എന്നൊരു കണക്കും ഉണ്ട്. മൊത്തം ജനസഖ്യ ഏകദേശം മൂന്ന് കോടി പതിനെട്ടു ലക്ഷം (പത്തു വര്‍ഷം മുമ്പത്തേക്കാള്‍ ഒരു ലക്ഷം കുറവാണ്). ഇപ്പോള്‍ ഒരു സംശയം നമ്മള്‍ ദാരിദ്ര്യം ഇറക്കുമതി ചെയ്യുകയാണോ?

നമ്മള്‍ ദരിദ്ര നാരായണന്‍മാര്‍ ആയതിനാല്‍ ഇന്ന് കപ്പയും, പരിപ്പുവടയും സ്റ്റാര്‍ ഹോട്ടല്‍ വിഭവങ്ങളാണ്. വിദേശ മദ്യം ഓരോ നിയോജകമണ്ഡലത്തിലും മൂന്നില്‍ കുറയാതെ ബാര്‍ ഹോട്ടല്‍ തുറന്നു വിളമ്പുന്നു.