ഇന്ന് പത്രക്കാരൻ
ഇനി ഒരുപക്ഷെ വേലക്കാരിയും
കാത്തിരിപ്പ് വിഫലമാക്കും
നേരും നേരവും തെറ്റിക്കുന്നവരുടെ
നിര പാതാളം വരെ നീളുന്നു
മുന്നറിയിപ്പില്ലാതെ
മുടങ്ങുന്നവരും
മുടക്കുന്നവരും
മുതൽ മുടക്കില്ലാത്ത
മുതലെടുപ്പ്കാരാണ്
മുഖമില്ലാത്ത കോലങ്ങൾ
ആശ്രയിക്കുന്നവരെ
അലംഭാവംകൊണ്ട്
അലോസരപ്പെടുത്തുമ്പോൾ
പ്രതീക്ഷകളല്ലാതെ മറ്റൊന്നും
പകരം വെയ്ക്കാനില്ലാത്തവർ
പകച്ച് മിണ്ടാപ്രാണികളാകുന്നു
അമർഷങ്ങൾ ചവച്ചരച്ച്
അയവിറക്കി അജീർണ്ണം തടയുന്നു
ആവലാതികളും
ആത്മരോഷങ്ങളും
അങ്കലാപ്പുകളുമില്ലാത്ത മനസ്സ്
നരച്ച ആകാശം പോലെയാണ്
അനുഭവങ്ങളുടെ
അഭാവംകൊണ്ടല്ല
അരക്ഷിതാവസ്ഥകളുടെ
ആധിക്യം കൊണ്ടാണ്
അന്യർക്ക് ആട്ടിതെളിക്കാൻ
ജീവിതം വിട്ട് കൊടുക്കേണ്ടി വരുന്നത്
ഇന്ന്
പതിവ് തെറ്റിക്കാത്തത്
കാക്കകൾ മാത്രമാണ്
കാക്കകൾ മാത്രമാണ്