Thursday, February 24, 2011

അവള്‍

ഉടഞ്ഞുലഞ്ഞ
ഉടല്‍നീറ്റത്തോടെ
ഉയിര്‍ പിടിച്ചെഴുനേറ്റു
ഉറക്കച്ചടവോടെ

ഉടയാടയും
ഉത്കണ്ഠയും വാരിച്ചുറ്റി
ഊളിയിട്ടവള്‍
ഉറ്റവരുടെ അങ്കലാപ്പിലേക്ക്


കൂട്ടികൊണ്ടുവന്നവര്‍
രാത്താവളം വിട്ടിരിക്കുന്നു


കാറ്റും മഴയും
കൊത്തിപ്പിരിഞ്ഞ പകല്‍വഴിയില്‍
വെയില്‍ ചിക്കിയുണക്കുന്നു
അങ്കപ്പാടുകള്‍

രാത്രി വിരുന്നിന്‍റെ
എച്ചില്‍ കൂമ്പാരത്തിന്നരികെ
നിരാഹാരപ്പുഴുക്കള്‍
സംഘഗാനം പാടുന്നു

നഗരത്തിരക്കില്‍
കാഴ്ച്ചകള്‍ കൊള്ളയടിക്കുന്ന
പ്രദര്‍ശനക്കാരുടെ
അംഗലാവണ്യം പൊതിഞ്ഞ
ചേലത്തുമ്പില്‍
കൊത്തിവലിക്കുന്ന കാമക്കണ്ണുകള്‍

ക്രോധത്തിന്‍റെ കരിങ്കല്‍ച്ചീളുകളാല്‍
നോട്ടങ്ങളെറിഞ്ഞുടച്ച്
പിടിവിട്ടോടുന്ന സമയത്തിന്‍റെ
പിന്നില്‍, നഗരത്തില്‍ നിന്ന്
ഗ്രാമത്തിലേക്കും, അവിടുന്ന്‌
നിരാലംബതയുടെ നിലവിളി
കൂട്ടിവെച്ചിട്ടുള്ള കുടിലിലേക്കും
നടന്നുകയറി അവള്‍
അവിടെ ബാക്കിയുണ്ടായിരുന്നു
അവള്‍ക്ക് യാതനയുടെ തടവ്ശിക്ഷ

Tuesday, February 15, 2011

ആദ്യ പ്രണയം

ആദ്യ പ്രണയം

ഒരു പുലരിത്തുടുപ്പിന്‍റെ
പുളകങ്ങള്‍ പോലെ
ഒരീറന്‍കാറ്റിന്‍റെ സൗരഭ്യം പോലെ
ഒഴുകിവന്നെന്നെ തഴുകിയുണര്‍ത്തിയ
ഓമല്‍ കിനാവേ പൂങ്കിനാവേ
നിന്നെ ഞാനെന്തു വിളിക്കും
നിന്നെ ഞാനെങ്ങനെ മറക്കും


നമ്രമുഖവുമായ്‌ മന്ദമായാത്രയും
ഒരു ചില്ലുവളപോലുമില്ലാ കരങ്ങളും
ലാളിത്യമേറുമാ വേഷങ്ങളും
എങ്ങനെ ഞാന്‍ മറക്കും

കനകമണിയാത്ത പെണ്ണെ
കരളിന്‍മണിച്ചെപ്പില്‍ നിത്യവും
മുത്തുകള്‍ നിറയ്ക്കുന്ന പെണ്ണെ
നിന്നെ ഞാനെന്നേ മനസ്സില്‍ പ്രതിഷ്ഠിച്ചു
എന്നേ ഞാനാരാധന തുടങ്ങീ
ഇനി നിന്നെ ഞാനെന്തു വിളിക്കും
നിന്നെ ഞാനെങ്ങനെ മറക്കും

Saturday, February 12, 2011

ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത

ഫ്യുഡലിസം, ഫാസിസം, കമ്മ്യൂണിസം എന്നിവയുടെ സംഘര്‍ഷങ്ങളും, ആധിപത്യവും, അധ:പതനവും ലോകം കണ്ടുകഴിഞ്ഞതാണ്‌. എന്നാല്‍ നൂറ്റി ഇരുപത്തിഅഞ്ചു വര്‍ഷത്തെ പഴക്കമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ തത്വസംഹിതകള്‍ ഇന്നും തളരാതെ, തകരാതെ ജനഹൃദയങ്ങളില്‍ ജീവിക്കുകയാണ്.

ഇന്ത്യന്‍ ജനതയില്‍ ശരിയായ ദേശീയതയും ദിശാബോധവും വളര്‍ത്തിയ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ മാത്രമാണെന്ന് വിവേകശാലികള്‍ വിലയിരുത്തിയിട്ടുള്ള യാഥാര്‍ത്യമാണ്. വൈവിദ്ധ്യ സംസ്കാരങ്ങളുടെ വൈരുദ്ധ്യങ്ങളില്‍ തട്ടി തകരാതെ ദേശീയമൂല്യങ്ങളെ സംരക്ഷിച്ചു വിജയിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനവും കോണ്‍ഗ്രസ്‌ തന്നെയാണ്.

ഫ്രഞ്ച് വിപ്ലവ കാലത്ത് മര്‍ദ്ദിതരുടെ മനസ്സില്‍ ഉറവപൊട്ടിയ ദേശീയത എന്ന പുത്തന്‍ പൊതുജനവികാരം പിന്നീട് ജെര്‍മനിയിലും, ഇറ്റലിയിലും ഫാസിസ്റ്റുകള്‍ ‍അധികാരം പിടിച്ചെടുക്കാന്‍ ആയുധമാക്കി ദുരുപയോഗംചെയ്തിട്ടുണ്ട് എന്നത് ചരിത്ര സത്യമാണ്. സ്വരാജ്യ സ്നേഹവും ദേശീയതയും രണ്ടായി തരം തിരിച്ചു നമ്മുടെരാജ്യത്തും ഫാസിസ്റ്റുകള്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതച്ചു കാത്തിരിക്കുന്നതും നമ്മള്‍കണ്ടുകൊണ്ടിരിക്കുന്നു. അവരുടെ ഉന്നം ആര്യ സംസ്കാരത്തിന്റെ ആധിപത്യവും മറ്റെല്ലാസംസ്കാരങ്ങളുടെയും, മാനവീകതകളുടെയും ഉന്മൂലനവുമാണ്.

ഇരകളെ സൃഷ്ടിക്കുന്ന കാപട്യങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങളെ പഠിപ്പിക്കുന്നതാണ് കോണ്‍ഗ്രസ്‌ സംസ്കാരം. അല്‍പവിവേകത്തിന്‍റെ വാരികുന്തങ്ങളും, ത്രീവ വികാരത്തിന്‍റെ ത്രിശൂലങ്ങളും, വിധ്വംസനത്തിന്റെ  ടൈം ബോംബുകളും ഉപയോഗിച്ച് വേട്ടയാടി പിടിച്ചതല്ല ഇന്ത്യന്‍ സ്വാതന്ത്ര്യം, നിരന്തരമായ സഹന സമരങ്ങളിലൂടെ നേടിയതാണ്. അഹിംസയും, സത്യാഗ്രഹവും, നിസ്സഹകരണ സമരമുറകളും ലോകത്തിനു പരിചയപ്പെടുത്തിയത് നമ്മളാണ്.


അഞ്ഞൂറ്റിഅറുപത്തിരണ്ടു നാട്ടുരാജാക്കന്മാരുടെ പ്രജകളായും, ചാതുര്‍വര്‍ണ്യത്തിന്റെ തടവുകാരായും, വൈദേശികളുടെ ഒറ്റുകാരായും, കലഹിച്ചും, കഷ്ടിച്ചും ജീവിച്ചിരുന്ന ജനതയെ സ്വാതന്ത്ര്യം എന്ന ആശയത്തിലൂടെ ഒരുമിപ്പിക്കുകയും സഹന സമരങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളേയും ഒപ്പം നിർത്തുകയും  ചെയ്തുകൊണ്ടു ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്‍റെ പതാകവാഹകരാകുവാന്‍ കഴിയുന്നത്‌ നമുക്ക് അഭിമാനമാണ്.


ഇന്ത്യാവിഭജനം ഉയര്‍ത്തിയ കാലുഷ്യവും ദുഖവും രണ്ടു മതങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുകയും, രക്തരൂക്ഷിത കലാപങ്ങള്‍ പടരുകയും ചെയ്തുകൊണ്ടിരുന്ന സന്ദിഗ്ദ്ധ ഘട്ടത്തിലാണ് ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യം നമുക്ക് കൈമാറിയത്. കൊള്ളയടിക്കപെട്ടതിന്‍റെ, കത്തിയെരിഞ്ഞതിന്‍റെ അവശിഷ്ടങ്ങളില്‍ നിന്നും ആധുനിക ഇന്ത്യകെട്ടിപ്പടുക്കുക എന്ന ശ്രമകരമായ ദൌത്യം ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്‌ ഏറ്റെടുക്കുമ്പോള്‍ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. ഇന്ന് എല്ലാം നേടിയെന്ന മിഥ്യാബോധം നമുക്കില്ല. എന്നാല്‍ പരിമിതികളില്‍ നിന്നും പരമോന്നതിയിലേക്കുള്ള പ്രയാണം അഭംഗുരം തുടരുകയാണ്.  ബ്രിട്ടീഷുകാർ സമ്മാനം തന്ന ഫൗണ്ടൻ പേനയിൽ ഉപയോഗിക്കാനുള്ള മഷിപോലും അന്ന് നമ്മൾ ഇറക്കുമതി ചെയ്യണമായിരുന്നു.  ഇന്നോ 


കോണ്‍ഗ്രസിന്‍റെ മഹത്വം അറിയണമെങ്കില്‍ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യണം. വര്‍ഗ, വര്‍ണ,ജാതി, മത വ്യത്യാസമില്ലാതെ ഏവര്‍ക്കും തോളുരുമ്മി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റൊരു ബഹുജന രാഷ്ട്രീയപ്രസ്ഥാനം ഇന്ത്യയില്‍ വേറെയില്ല എന്ന സത്യം ആര്‍ക്കും നിഷേധിക്കുവാന്‍ കഴിയില്ല. ഒന്നേകാല്‍ നൂറ്റാണ്ടിന്‍റെ പാരമ്പര്യം അനുകൂലികളെയും പ്രതികൂലികളെയും ഉണ്ടാക്കിയിട്ടുണ്ട് എന്നതും വിസ്മരിക്കാന്‍കഴിയില്ല.  മനുഷ്യ നിര്‍മ്മിതമായ ഏതു തത്വസംഹിതയിലും വിശ്വാസത്തിലും, ആചാരത്തിലും കാലാനുശ്രതമായ മാറ്റം അനിവാര്യമാണ്. മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ കഴിയുന്നവരും അല്ലാത്തവരും ഒരുപോലെ പരിഗണിക്കപ്പെടുകയും മാനിക്കപ്പെടുകയും ചെയ്യുന്നരീതിയാണ് സമവായവും സഹിഷ്ണതയും. ഗുണങ്ങളാണ് കോണ്‍ഗ്രസിനെ വേറിട്ട പ്രസ്ഥാനമായിസാധാരണക്കാര്‍ നെഞ്ചിലേറ്റുവാനുള്ള കാരണം. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മൌലാന അബുല്‍ കലാം ആസാദ് തുടങ്ങിയ ദീര്‍ഘദൃഷ്ടികളും, മനുഷ്യസ്നേഹികളും നേതൃത്വം വഹിച്ച കോണ്‍ഗ്രസിന്‍റെ ചരിത്രം ആരംഭിക്കുന്നത് ഇന്ത്യന്‍സ്വാതന്ത്ര്യ സമരത്തിലൂടെയാണെങ്കിലും രാജ്യപുരോഗതിക്കും, ഐക്യത്തിനും നേതൃത്വം കൊടുക്കുന്ന ദൌത്യമാണ്ഇന്നും തുടരുന്നത്. ആര്‍ഷഭാരത സംസ്കാരവും, ജനതയുടെ ആത്മവിചാര-വികാരധാരകളും, തിരിച്ചറിഞ്ഞവര്‍ക്കെ നൈമിഷിക വികാര വിക്ഷോപങ്ങളുടെ അപകടങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയൂ.

കോണ്‍ഗ്രസ്‌ എന്നും പ്രചരിപ്പിക്കുന്നതും, ആദരിക്കുന്നതും ദേശീയ വീക്ഷണങ്ങളെയാണ്. കാരണം മറുചിന്തകള്‍ രാജ്യദ്രോഹികള്‍ ചൂഷണം ചെയ്യുമെന്നും, തീവ്രവാദവും, വിഘടന വാദവും പ്രോത്സാഹിപ്പിക്കുമെന്നും തിരിച്ചറിഞ്ഞവരാണ് നമ്മള്‍. ബഹു-മത, ബഹു-സ്വര, ബഹു-വര്‍ഗ്ഗ ബഹുമാനം എന്നും കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌തന്നെയാണെന്ന് വര്‍ത്തമാന കാലത്തിന്‍റെ മാത്രമല്ല പോയ കാലത്തിന്‍റെയും സാകഷ്യപത്രമാണ്‌. മത സൌഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നതും, വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതും, അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും,എതിരാളികളെ ശാരീരികമായി ഇല്ലായ്മചെയ്യുന്നതും കോണ്‍ഗ്രസ്‌ സംസ്കാരമല്ല. അതുകൊണ്ടു തന്നെയാണ്കോണ്‍ഗ്രസ്‌ സംസ്കാരം ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനശിലയെന്നു പറയുന്നതും.

Thursday, February 10, 2011

എന്തായാലും പുരോഗതിയുണ്ട്. നാല്‍പതു ലക്ഷം ബി.പി.എല്‍! ഒരു കുടുംബത്തില്‍ ശരാശരി അഞ്ചു അംഗങ്ങള്‍ വീതം എടുക്കാം. ഏകദേശം ഇരുപത് ലക്ഷം മലയാളികള്‍ എന്‍.ആര്‍.ഐ. കളാണ് എന്നൊരു കണക്കും ഉണ്ട്. മൊത്തം ജനസഖ്യ ഏകദേശം മൂന്ന് കോടി പതിനെട്ടു ലക്ഷം (പത്തു വര്‍ഷം മുമ്പത്തേക്കാള്‍ ഒരു ലക്ഷം കുറവാണ്). ഇപ്പോള്‍ ഒരു സംശയം നമ്മള്‍ ദാരിദ്ര്യം ഇറക്കുമതി ചെയ്യുകയാണോ?

നമ്മള്‍ ദരിദ്ര നാരായണന്‍മാര്‍ ആയതിനാല്‍ ഇന്ന് കപ്പയും, പരിപ്പുവടയും സ്റ്റാര്‍ ഹോട്ടല്‍ വിഭവങ്ങളാണ്. വിദേശ മദ്യം ഓരോ നിയോജകമണ്ഡലത്തിലും മൂന്നില്‍ കുറയാതെ ബാര്‍ ഹോട്ടല്‍ തുറന്നു വിളമ്പുന്നു.