Saturday, July 27, 2019

V.T.Balaram

തൃത്താല നിയോജകമണ്ഡലം ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമല്ല. കുമ്മനം രാജശേഖരനും വെള്ളാപ്പള്ളിക്കുമൊക്കെ ശേഷം ഇപ്പോൾ കാനം സഖാവ്‌ പോലും പറയുന്നത്‌ കേരളത്തിൽ ഭൂരിപക്ഷം ന്യൂനപക്ഷവും ന്യൂനപക്ഷം ഭൂരിപക്ഷവും ആയി മാറി എന്നാണ്. അതിന്റെ കൃത്യമായ കണക്ക്‌ എനിക്കറിയില്ല. എന്നാലും ഏതാണ്ട്‌ അമ്പത്‌ ശതമാനത്തോടടുത്താണ് കേരളത്തിൽ ഹിന്ദുക്കളുടെ എണ്ണം എന്നനുമാനിക്കപ്പെടുന്നു. എന്നാൽ പലരും കരുതുന്നതിൽ നിന്ന് വ്യത്യസ്തമായി തൃത്താലയിൽ ഹിന്ദുമത വിശ്വാസികളുടെ എണ്ണം അറുപത്‌ ശതമാനമെങ്കിലുമാണ്. അതിൽത്തന്നെ സംഘ്‌ പരിവാർ ഹിന്ദുത്വയുടെ സ്വാഭാവിക ആരാധകരായ സവർണ്ണ ഹിന്ദുക്കളുടെ നല്ലൊരു ശതമാനമുണ്ട്‌ താനും. നായക കഥാപാത്രങ്ങൾക്ക്‌ അതിമാനുഷത്വം കൽപ്പിക്കുന്ന മലയാളത്തിലെ വ്യാപാരവിജയം നേടിയ പല സിനിമകളിലും കടന്നുവരുന്ന ഫ്യൂഡൽ, നാട്ടുപ്രമാണി സന്ദർഭങ്ങൾ പലതും ഈ പ്രദേശങ്ങളൊക്കെയായി ബന്ധപ്പെട്ടതാണ്. ഇതൊക്കെ മനസ്സില്‍ വെച്ചാണ് മൂന്നാം സിനാറിയോയുടെ ഭാഗമായി ഇപ്പോള്‍ പല ഓഡിറ്റിങ്ങും നടന്നുവരുന്നത്.

വ്യക്തിപരമായി ഞാനേതെങ്കിലുമൊരു പ്രത്യേക മതത്തിന്റെ വിശ്വാസിയല്ല, എം.എൽ.എ. എന്ന നിലയിൽ ഏതെങ്കിലും ഒരു മതത്തിന്റെ പ്രതിനിധിയുമല്ല. വിവിധ മതങ്ങളിൽ നിന്ന് സാഹചര്യങ്ങൾക്കനുസരിച്ച്‌ ഉചിതമെന്ന് തോന്നുന്ന ആശയങ്ങൾ സ്വീകരിക്കുന്നതുകൊണ്ട്‌ തെറ്റുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ അതോടൊപ്പം കാലാനുസൃതമല്ലാത്തതും സമൂഹത്തെ പുറകോട്ടുനടത്തുന്നതുമായ ആശയങ്ങൾ മതങ്ങളുടെയും വിശ്വാസങ്ങളുടെയും സംസ്ക്കാരത്തിന്റെയുമൊക്കെപ്പേരിൽ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ അതിനെ തിരിച്ചറിഞ്ഞ്‌ തിരസ്ക്കരിക്കാനുള്ള ജാഗ്രത കൈമോശം വരരുതെന്ന് മാത്രം. അതുകൊണ്ട്‌ തന്നെ എന്റെ മത/സംസ്ക്കാര വിമർശ്ശനം വർഗ്ഗീയ വാദികളുടെ മട്ടിൽ അന്യമത വിദ്വേഷത്തിൽ നിന്നുള്ളതല്ല, മറിച്ച്‌ സമകാലിക രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ പരമാവധി സ്വതന്ത്ര ചിന്തയോടെ നോക്കിക്കാണുന്ന ഒരു പൊതുപ്രവർത്തകന്റേതാണ്. ഏതായാലും എന്റെ നാട്ടിലെ ജനങ്ങളെ അവരുടെ ജാതി, മത വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ വേർത്തിരിച്ചുകാണുന്ന സമീപനം ഒരിക്കലും ഞാൻ പുലർത്തിയിട്ടില്ല. സമയാസമയങ്ങളിലുയർന്നുവരുന്ന വിവിധ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിലുള്ള എന്റെ അഭിപ്രായങ്ങളുടെ രൂപീകരണത്തിൽ തൃത്താലയിലെ ഈ റിലിജ്യസ്‌ കമ്പോസിഷൻ ഒരിക്കലും ഒരു സ്വാധീനഘടകമായിരുന്നിട്ടുമില്ല.

ആരംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യ എന്നത്‌ ഒരു ബഹുമത സമൂഹമാണ്. മതം ഓരോ വ്യക്തിയുടേയും സ്വകാര്യതയാക്കി ചുരുക്കുകയും പൊതുവ്യവഹാരങ്ങളിൽ നിന്ന് പരമാവധി ഒഴിച്ചുനിർത്തുകയും ചെയ്യുമ്പോഴും മതത്തിന്റേയും വിശ്വാസത്തിന്റേയും പേരിലൊക്കെയുള്ള എല്ലാത്തരം വ്യത്യസ്തതകളേയും ഉൾക്കൊള്ളുക എന്നതാണു ഇന്ത്യക്ക്‌ മുന്നിലുള്ള ശരിയായ വഴി. അവിടെയാണ് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം ആശയാദർശ്ശങ്ങളുടേയും പാരമ്പര്യത്തിന്റേയും സംസ്ക്കാരത്തിന്റേയുമൊക്കെ പേരുപറഞ്ഞുള്ള മതരാഷ്ട്രവാദങ്ങൾ അപകടകരമാവുന്നത്‌.

നമ്മുടെ രാജ്യത്തിന്റെ നൂറ്റാണ്ടുകളായുള്ള ചരിത്രമെടുത്ത്‌ പരിശോധിച്ചാൽ ഇവിടെ വ്യത്യസ്ത സമുദായങ്ങൾ എങ്ങനെ ഉണ്ടായി എന്നും ജനാധിപത്യപൂർവ്വകാലത്ത്‌ അവർ തമ്മിലുള്ള ഉച്ചനീചത്വങ്ങൾ എത്രത്തോളം കഠിനമായിരുന്നു എന്നും മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടുതന്നെ ജനാധിപത്യകാലത്ത്‌ ഇത്തരം ഉച്ചനീചത്ത്വങ്ങൾ പരമാവധി പരിഹരിക്കുന്നതിനുവേണ്ടി പണ്ടുതൊട്ടേ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങളും സമുദായങ്ങളും സംഘടിക്കുന്നതും തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിൽ ഇടപെടുന്നതും സർക്കാരുകൾക്ക്‌ മേൽ പോസിറ്റീവായ സമ്മർദ്ദങ്ങൾ ചെലുത്തുന്നതും സ്വാഭാവികമാണെന്ന് മാത്രമല്ല, ഒരു ഇൻക്ലൂസിവ്‌ ഡമോക്രസിയിൽ വലിയൊരളവ്‌ വരെ പ്രോത്സാഹിപ്പിക്കേണ്ടത്‌ പോലുമാണ്.

ഈ കാഴ്ചപ്പാടിലാണ് ബി.ജെ.പി/ആർ.എസ്‌.എസും മുസ്ലിം ലീഗും തമ്മിൽ കൃത്യമായ വ്യത്യാസമുണ്ട്‌ എന്ന് പറയാൻ കഴിയുന്നത്‌. ആർ എസ്‌ എസ്‌ ഒരു വർഗ്ഗീയ സംഘടനയാണ്, മുസ്ലിം ലീഗ്‌ ഒരു സാമുദായിക സംഘടനയും. ആർ എസ്‌ എസ്‌ ഒരു ഹിന്ദു സംഘടന അല്ല, ഒരു 'ഹിന്ദുത്വ' സംഘടനയാണ്. അവരുടെ ഹിന്ദുത്വ എന്നത്‌ ഒരു ഫാഷിസ്റ്റ് രാഷ്ട്രീയ ആശയമാണ്, അതിനപ്പുറം നാം തലമുറകളായി പരിചയിച്ച്‌ പോരുന്ന ഇവിടത്തെ സാധാരണക്കാരുടെ ഹൈന്ദവ സംസ്ക്കാരവുമായി പേരുകൊണ്ടുള്ള സാമ്യം മാത്രമേ ആർ എസ്‌ എസിന്റെ ഹിന്ദുത്വക്ക്‌ ഉള്ളൂ. ആദിവാസികൾ, ദലിതർ, പിന്നാക്കക്കാർ എന്നിങ്ങനെ ഹിന്ദുസമൂഹത്തിൽ ഇന്ന് ഉൾപ്പെടുത്തപ്പെട്ടിരിക്കുന്ന (ഒരു കാലത്ത് അങ്ങനെ ഹിന്ദുവായി കണക്കാക്കപ്പെട്ടിരുന്നില്ലാത്ത) വ്യത്യസ്ത സമൂഹങ്ങളുടെ ഉന്നമനത്തിനായുള്ള ഒരു പോസിറ്റീവ്‌ അജണ്ടയും ഇല്ലെന്ന് മാത്രമല്ല, ഭൂപരിഷ്ക്കരണം, സംവരണം തുടങ്ങി പിന്നാക്ക ഹിന്ദുക്കൾക്ക്‌ പ്രയോജനകരമായ എല്ലാത്തിനേയും എതിർക്കുന്ന ഒരു ഉത്തരേന്ത്യൻ ബ്രാഹ്മണ സംഘടന മാത്രമാണ് ആർ എസ്‌ എസ്‌.
അതേസമയം മുസ്ലിം ലീഗ്‌ ഒരു മുസ്ലിം സംഘടന മാത്രമാണ്, ഒരു ഇസ്ലാമിസ്റ്റ്‌ സംഘടന അല്ല. മുസ്ലിം എന്നത്‌ ഒരു മതത്തിന്റെ പേരല്ല, ഒരു സമുദായത്തിന്റെ പേരാണ്. മതത്തിന്റെ പേർ ഇസ്ലാം എന്നാണ്. രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളെക്കുറിച്ച്‌ അത്യാവശ്യം വായനയുള്ള ഏതൊരാൾക്കും ഈ പദങ്ങൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാവും. ഹിന്ദുക്കളുടെ പേരിൽ പ്രവർത്തിക്കുന്ന ഹിന്ദുത്വസംഘടനയായ ആർ എസ്‌ എസിനെ താരതമ്യപ്പെടുത്തേണ്ടത്‌ ഇസ്ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന ഇസ്ലാമിസ്റ്റ്‌ സംഘടനകളായ എസ്‌ ഡി പി ഐ, പി ഡി പി, ജമാ അത്തെ ഇസ്ലാമി എന്നിവയോടാണ്. എന്നാൽ മുസ്ലിം സംഘടനയായ മുസ്ലിം ലീഗ്‌ താരതമ്യമർഹിക്കുന്നത്‌ ദളിത്‌-ബഹുജൻ സംഘടനയായ ബി.എസ്‌.പി, യാദവ-പിന്നാക്ക സംഘടനയായ സമാജ്‌ വാദി പാർട്ടി എന്നിങ്ങനെയുള്ള പ്രാദേശിക സാമുദായിക രാഷ്ട്രീയ പാർട്ടികളോടും രാഷ്ട്രീയത്തിൽ നേരിട്ടിടപെടാത്ത എൻ എസ്‌ എസ്‌, എസ്‌.എൻ.ഡി.പി, കെ.പി.എം.എസ്‌ തുടങ്ങിയ മറ്റ്‌ സാമുദായിക സംഘടനകളോടുമാണ്.

ഞാൻ മനസ്സിലാക്കുന്നിടത്തോളം ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കുക എന്ന അജണ്ട ഒരു കാലത്തും കേരളത്തിലെ മുസ്ലീം ലീഗിനുണ്ടായിട്ടില്ല. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയേയും നാട്ടിലെ ജനാധിപത്യ സംവിധാനത്തെയും പൂർണ്ണമായി അംഗീകരിച്ച്‌, അതിൽനിന്ന് മാറിനിൽക്കാതെ ക്രിയാത്മകമായി ഇടപെട്ട്‌, ജനങ്ങളെ അഭിമുഖീകരിച്ച്‌, ഇതരമതസ്ഥരുടെ കൂടെ വോട്ട്‌ വാങ്ങി ജനപ്രതിനിധികളെ സൃഷ്ടിച്ച്‌, കോൺഗ്രസ്‌, സി.പി.എം തുടങ്ങിയ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളോടൊപ്പം ചേർന്ന് സർക്കാരുകളിൽ പങ്കാളിയായി, വ്യവസ്ഥാപിതമായി ലഭിക്കുന്ന ആ അധികാരപങ്കാളിത്തം തങ്ങളുടെ പ്രദേശത്തിന്റെ വികസനത്തിനും തങ്ങളുടെ സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി അടക്കമുള്ള കാര്യങ്ങൾക്കും വിനിയോഗിക്കുക എന്ന രാഷ്ട്രീയ പ്രവർത്തനമാണ് മുസ്ലിം ലീഗ്‌ നിർവ്വഹിക്കുന്നത്‌. അതോടൊപ്പം തങ്ങളുടെ സമുദായത്തിലുള്ളവർക്ക്‌ മാത്രമല്ല സഹോദര സമുദായങ്ങളിലുള്ളവർക്കും കൂടി പ്രയോജനം ലഭിക്കുന്ന നിരവധി കാരുണ്യ പ്രവർത്തനങ്ങളും ഒരു പാർട്ടി എന്ന നിലയിൽത്തന്നെ ലീഗ്‌ ഏറ്റെടുക്കുന്നത്‌ കാണാൻ കഴിയുന്നുണ്ട്‌.

മുസ്ലിങ്ങൾക്കിടയിൽ മതസങ്കുചിതവാദത്തിന്റെ കാര്യമായ വേരോട്ടമുണ്ടാക്കാൻ ഇസ്ലാമിസ്റ്റ്‌ സംഘടനകൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. പ്രത്യേകിച്ചും 1992 ഡിസംബർ 6 നുശേഷമുള്ള ഇരവാദത്തിലൂന്നിയ പ്രചരണതന്ത്രങ്ങളിലൂടെ ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയും അരക്ഷിതബോധവും വളർത്തുന്ന കാര്യത്തിൽ അവർ വലിയൊരളവിൽ വിജയിച്ചിരിക്കുന്നു. ഇവിടെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലിടപെടുന്ന മുസ്ലിം ലീഗ്‌ പോലുള്ള മിതവാദ സംഘടനകളുടെ പ്രസക്തി. മത വിഷയങ്ങളിൽ മുസ്ലിം ലീഗിനു തീവ്രത പോരാ എന്നാണ് മറ്റ്‌ സംഘടനകളുടെ പരാതി എന്നോർക്കണം. ബാബരി മസ്ജിദ്‌ പൊളിച്ച സമയത്ത്‌ മുസ്ലിം ലീഗ്‌ തീവ്രമായി പ്രതികരിച്ചില്ല എന്ന് പരാതി പറഞ്ഞ്‌ അതിൽനിന്ന് പുറത്തുപോയവരാണ് ഇന്ത്യൻ നാഷണൽ ലീഗ്‌ ഉണ്ടാക്കിയത്‌. പാർട്ടിയുടെ പേരിൽ മുസ്ലിം എന്നുണ്ടോ ഇല്ലയോ എന്ന് മാത്രം നോക്കി വര്‍ഗീയത നിശ്ചയിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഐ.എൻ.എൽ. ഇങ്ങനെയുള്ള ഐ.എൻ.എല്ലിനേയും മദനിയുടെ പി.ഡി.പി.യേയുമൊക്കെ പരസ്യമായി പിന്തുണച്ചും അവരിൽനിന്ന് എം.എൽ.എ.മാരെ വരെ സൃഷ്ടിച്ചും മുസ്ലിം വർഗ്ഗീയതയെ വളർത്തിയത്‌ മതേതരത്വത്തിന്റെ പേരിൽ മേനി നടിക്കുന്ന സി.പി.എമ്മാണ് എന്നത്‌ കാണാതിരുന്നുകൂടാ.

ഇതിനർത്ഥം മുസ്ലിം ലീഗ്‌ എന്ന രാഷ്ട്രീയ പാർട്ടി വിമർശ്ശനാതീതമാണെന്നല്ല. അധികാര രാഷ്ട്രീയം കയ്യാളുന്ന മറ്റ്‌ ഏതൊരു രാഷ്ട്രീയ പാർട്ടിയിലുമെന്ന പോലെ അഴിമതി, സ്വജന പക്ഷപാതം, വരേണ്യ വർഗ്ഗ താത്പര്യം, ചില ഭരണാധികാരികളുടെ കാര്യക്ഷമതാക്കുറവ്‌ എന്നിവയൊക്കെ ലീഗിനെതിരെയും ആർക്കും ഉന്നയിക്കാം. എന്നാൽ ഇന്നത്തെ കേരളത്തിലെ പല വിമര്‍ശനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് പലപ്പോഴും ലീഗ്‌ വിമർശ്ശനമെന്നത്‌ മനസ്സിന്റെ അബോധതലത്തിലുള്ള മുസ്ലിം വിരുദ്ധതയുടെ ഭാഗമായി ഉയരുന്ന വിമർശ്ശനമാണെന്നുള്ളതാണ്. പച്ച സാരി, പച്ച ബോർഡ്‌, നോമ്പ്‌ കാലത്തെ മലപ്പുറത്തെ ഉച്ചഭക്ഷണ നിഷേധം തുടങ്ങിയവയൊക്കെ യാതൊരു ക്രോസ്‌ ചെക്കിംഗുപോലുമില്ലാതെ വിശ്വസിക്കാൻ കേരളത്തിലെ പൊതുബോധത്തിനു കഴിയുന്നു എന്നത്‌ എത്രത്തോളം സംഘ്‌ പരിവാറിന്റെ ആശയപരമായ ഹിന്ദുത്വവൽക്കരണത്താൽ കേരളീയ സമൂഹം സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്.

മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായ വിഷയം, പർദ്ദയുടെ അടിച്ചേൽപ്പിക്കൽ, മതഗ്രന്ഥങ്ങളുടെ അപ്രമാദിത്തം, ഖിലാഫത്തിന്റെ ഉദാത്തവൽക്കരണം, ലൈംഗിക ന്യൂനപക്ഷങ്ങൾക്കുള്ള പിന്തുണ, ചുംബന സമരം എന്നിവയിലൊക്കെ ഇസ്ലാമിസ്റ്റ്‌ സംഘടനകൾ സൃഷ്ടിച്ചെടുത്ത പൊതുബോധങ്ങൾക്ക്‌ എതിരെ ശക്തമായ നിലപാട്‌ തന്നെയാണ് എന്റെ ഭാഗത്തു നിന്നുണ്ടായിരുന്നത്‌. "വി.ടി.ബൽറാം തൃത്താലയിലെ വോട്ട്‌ ബാങ്കിൽ കണ്ണുനട്ട്‌ മുസ്ലിങ്ങൾക്കെതിരെ വിമർശ്ശനം നടത്താൻ ധൈര്യപ്പെടില്ല" എന്ന് ഏകപക്ഷീയമായി വിധി എഴുതാൻ തിരക്കുകൂട്ടുന്നവർക്ക്‌ ഇതൊന്നും ശ്രദ്ധയിൽപ്പെടില്ലായിരിക്കും. ഞാൻ അംഗമായ മുന്നണിയിലെ ഘടകകക്ഷിക്കെതിരെ രാഷ്ട്രീയ എതിരാളികളാഗ്രഹിക്കുന്ന ഭാഷയില്‍ത്തന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ നിരന്തരം വിമർശ്ശനമുന്നയിച്ചുകൊണ്ട്‌ എന്റെ ധാർമ്മികതയും നിഷ്പക്ഷതയും തെളിയിക്കണം എന്നാണു വിമർശ്ശകരുടെ ആവശ്യം. എന്നാൽ ആർ.എസ്‌.പി.യുടേയോ ജനതാദളിന്റേയോ മന്ത്രിമാർക്കെതിരെ ഞാനെന്തുകൊണ്ട്‌ വിമർശ്ശനമുന്നയിക്കുന്നില്ല എന്ന ചോദ്യം പോലും ഉയരുന്നില്ല എന്നുമോർക്കണം. സർവ്വതന്ത്ര സ്വതന്ത്രൻ അല്ലാത്ത ഏതൊരു രാഷ്ട്രീയ പ്രവർത്തകനും ജനപ്രതിനിധിക്കും ബാധകമായ എല്ലാ സ്വയം നിയന്ത്രണങ്ങളും ഞാനും പാലിച്ചേ പറ്റൂ.

ചുരുക്കത്തിൽ എന്തുകൊണ്ട്‌ ആർ.എസ്‌.എസിന്റെ ഹിന്ദുരാഷ്ട്രവാദത്തെ എതിർക്കുന്ന അതേ അളവിലും കാഠിന്യത്തിലും ഇസ്ലാമിക മതരാഷ്ട്രവാദത്തെ എതിർക്കുന്നില്ല  എന്നതാണു ഞാനടക്കം പലരും സ്ഥിരമായി നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യം. എഴുത്തുകാരൻ സക്കറിയയാണെന്ന് തോന്നുന്നു വർഷങ്ങൾക്ക്‌ മുൻപ്‌ ഈ ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകിയിട്ടുണ്ട്‌. ഏത് തരം വര്‍ഗീയതയും അല്‍പ്പബുദ്ധികളുടെ വികലമായ ചിന്തയുടെ പ്രതിഫലനമാണെങ്കിലും മാഗ്നിറ്റിയൂഡിലും ഇമ്പാക്റ്റിലും രണ്ടും തമ്മിലുള്ള വ്യത്യാസം തന്നെയാണ് പ്രധാനം. ന്യൂനപക്ഷ വർഗ്ഗീയതക്ക്‌ പരമാവധി ഭീകരവാദമാവാനേ കഴിയൂ. അവർക്ക്‌ വേണമെങ്കിൽ ബോംബ്‌ പൊട്ടിക്കാം, ബസ്‌ കത്തിക്കാം, കൈ വെട്ടാം. പക്ഷേ അപ്പോഴും അതിനെ ശക്തമായി അടിച്ചമർത്താൻ നമുക്ക്‌ മതേതര ഭരണകൂടത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളുണ്ട്‌; പോലീസുണ്ട്‌, പട്ടാളമുണ്ട്‌, ഇന്റലിജൻസ്‌ സംവിധാനങ്ങളുണ്ട്‌, നിയമങ്ങളുണ്ട്‌, മാധ്യമങ്ങളുണ്ട്‌, സർവ്വോപരി അതിനെതിരായ പൊതുബോധമുണ്ട്‌. എന്നാൽ ഭൂരിപക്ഷം വർഗ്ഗീയതക്ക്‌ അടിപ്പെട്ടാൽ അത്‌ ഫാഷിസമായി മാറും. ജനാധിപത്യ സ്ഥാപനങ്ങളെല്ലാം അവർ കയ്യടക്കും, തെരഞ്ഞെടുപ്പുകളിൽ അവർ അനായാസം ജയിക്കും, നിയമങ്ങൾ അവർക്കിഷ്ടമുള്ള രീതിയിൽ നിർമ്മിക്കും, പോലീസും പട്ടാളവും ചിലപ്പോൾ കോടതികളും വരെ അവർക്കിഷ്ടമുള്ള രീതിയിൽ വരച്ച വരയിൽ നിർത്തും, മാധ്യമങ്ങളും പൊതുബോധവും അവരുടെ ചിന്താധാരയോട്‌ ചേർന്ന് നിൽക്കും, അവരെ വിമർശ്ശിക്കുന്നത്‌ രാജ്യദ്രോഹമായി മുദ്രകുത്തപ്പെടും. മറ്റുതരത്തിൽപ്പറഞ്ഞാൽ ന്യൂനപക്ഷ തീവ്രവാദി ഒന്നിനുപുറമേ മറ്റൊന്നായി സ്‌ഫോടനക്കേസുകളിൽ ആരോപിതനായി ആയുഷ്ക്കാലം ജയിലിൽ കിടക്കും, ഭൂരിപക്ഷ തീവ്രവാദി കൂട്ടക്കൊലകളുടെ പാപക്കറകൾ ഫോട്ടോഷോപ്പിലിട്ട്‌ മായ്ച്ചുകളഞ്ഞ്‌ വികസനനായകന്റെ പ്രതിഛായയുമണിഞ്ഞ്‌ ഇന്ത്യൻ പ്രധാനമന്ത്രിക്കസേരയിലേക്ക്‌ അനായാസം നടന്നടുക്കും.

അതുകൊണ്ടാണ് ഇന്ത്യൻ ഫാഷിസത്തിന്റെ മൂർത്തരൂപമായ ആർ എസ്‌ എസിനെ നിരന്തരമായി വിമർശ്ശിക്കേണ്ടത്‌ മതേതര ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏതൊരു യഥാർത്ഥ ഇന്ത്യക്കാരന്റേയും കടമയായി മാറുന്നത്‌. അരുവിക്കരയിൽ തെളിഞ്ഞതുപോലെ ഒരു മണ്ഡലത്തിൽ ആയിരം വോട്ടുപോലും തികച്ചുപിടിക്കാൻ കഴിയാതെ 'നോട്ട'ക്കും പുറകിലായ ഇസ്ലാമിക വർഗ്ഗീയ സംഘടനകളെ ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ വർഗ്ഗീയതക്കൊപ്പം തൂക്കമൊപ്പിക്കാൻ അതേ അളവില്‍ വിമർശ്ശിക്കണമെന്ന് വാശി പിടിക്കുന്ന സംഘാക്കള്‍ ഒന്നുകിൽ കഥയറിയാതെ ആട്ടം കാണുകയാണ്, അല്ലെങ്കിൽ ആർ എസ്‌ എസിനെ വിമർശ്ശനങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ വെമ്പൽ കൊള്ളുകയാണ്.

Thursday, September 12, 2013

തിരസ്കാരങ്ങളുടെ രക്തസാക്ഷികൾ

ഉറിയിൽ
തൂങ്ങിക്കിടന്ന്
ഉമിക്കരിക്കുടുക്ക
മുതിർന്നവരെ
പേരെടുത്തു വിളിച്ചു
തിരിഞ്ഞു നോക്കുന്നില്ല
മുൻപരിചയം
പുതുക്കാൻ മടിക്കുന്നു

മറവിക്കാരോട്
മുറവിളികൂട്ടുമ്പോളും
പുതുമക്കാരെ
ക്ഷണിച്ചുനോക്കി

ഇല്ല; കണ്ടഭാവമില്ല!
നീട്ടി തുപ്പുന്നത്
വെളുപ്പാണെങ്കിലും
വെറുപ്പിൻറെ നുര

തൊട്ടടുത്ത്‌
കിണറ്റിൻ കരയിൽ
പണിയൊന്നുമില്ലാതെ
കപ്പിയും കയറും
പഴങ്കഥകൾ പകുത്ത്
പങ്കുവെയ്ക്കുന്നു
അരിവാളും
വെട്ടുകത്തിയും പോലെ
തുരുമ്പിച്ചു തീരാനാണ്
നമ്മുടേം വിധിയെന്ന
ആത്മഗതം   
സങ്കടക്കിണറാഴങ്ങളിൽ നിന്ന്
കോരിയെടുക്കുന്നു
തകരബക്കറ്റ്

വീട്ടുമുറ്റത്തും
തൊടിയിലും മാത്രമല്ല
ഉമ്മറപ്പടിയിലും
അടുക്കളക്കോലായിലും
തിരസ്കാരങ്ങളുടെ
രക്തസാക്ഷികൾ വേറേയുമുണ്ട്




Sunday, July 7, 2013

ഏഴ് ഹൈക്കുകൾ

നിറവയറുമായ് പുഴ 
നടവഴിയിൽ 
പെരുമഴയുടെ വിരുത്

ഒരു പുറം വായിച്ചു 
മറുപുറം മായിച്ചു 
നീയാണ് നീതന്നെയാണ് ശരി

മിഴി നട്ടു 
മൊഴി പടർന്നു 
മനം കായ്ച്ചു 

ചാഞ്ഞ കണ്ണിൽ 
ഓടിക്കേറാൻ പറ്റില്ല 
നുഴഞ്ഞുകയറണം 

ഓലക്കുടിൽ മുറ്റത്ത് 
ഓലക്കുടി 
തീപ്പേടിയിൽ 

മക്കൾ ചിണുങ്ങുമ്പോൾ 
അമ്മ അലിയും 
മറക്കുമ്പോൾ അലയും 

ജാതിപത്രിയും കായും 
ജന്മബന്ധം വേർപ്പെടുത്തുന്നു 
കച്ചവടക്കണ്ണ്‍ 

Sunday, June 23, 2013

ഖേദപൂർവ്വം

'കാറ്റെങ്ങാനും വന്നാൽ
പിന്നെ കളിയും ചിരിയും
ആട്ടവും ഇളക്കവും കൂടും
തൊട്ടടുത്ത് പുരയുണ്ടെന്നോ
ആളുകളുണ്ടെന്നോ
വീണ്ടുവിചാരമില്ലാതെ
വല്ലാത്ത വളച്ചിലും പുളച്ചിലും'
എന്നതായിരുന്നു പരാതി

കാണുന്നവർക്ക്
ആശങ്ക ഇല്ലാതിരിക്കുമോ

പ്രായം നോക്കണ്ടേ
പണ്ടത്തെ കരുത്തും കാഫലവും
ഇനി ഉണ്ടാകില്ലെന്ന്
അനുഭവമുണ്ടല്ലോ

അടുത്ത് നിന്നിരുന്ന
കവുങ്ങിന്റെ തലയെടുത്ത്
അകലെകൊണ്ടുവെച്ച
കാറ്റിന്റെ ക്രൂരത കണ്ടപ്പോൾ
വീടിനകത്ത് ഭയാശങ്കകളുടെ
കൊള്ളിയാൻ മിന്നി

'പൊന്നു കായ്ക്കുന്ന
മരമായാലും പുരയ്ക്ക് മേലെ
വന്നാൽ വെട്ടണ'മെന്ന
വീട്ടുകാരുടെ ഓർമ്മപ്പെടുത്തൽ
ഉണങ്ങിയ പട്ടകളുടെ
ഓർക്കാപ്പുറത്തുള്ള പതനം
ചോട്ടിലോടി കളിക്കുന്ന പേരക്കുട്ടി
മുന്നറിയിപ്പുകളവഗണിക്കാൻ വയ്യ

ഗത്യന്തരമില്ലാതെയാണ്
നിൻറെ തലയും കടയും വെട്ടി
കഥകഴിക്കാൻ ഞാൻ
മൗനാനുവാദം നൽകിയത്

ഭീതിരഹിതമായൊരു
സ്വൈര്യജീവിതത്തിന്
ഉപകാര സ്മരണകൾ
ഉപേക്ഷിക്കേണ്ടിവന്നു

എനിക്കറിയാം നമുക്ക്
പരസ്പരം ഗുണകരവും
വികാരപരവുമായ
കുറെ സമാനതകളുണ്ട്

ഞാനോർക്കുന്നു
എൻറെ ഉമ്മ നിന്നെ നട്ടു
പരിപാലിച്ചു വളർത്തിയ
പഴയ കാലത്തിൻറെ
നനവ്‌ മാറാത്ത പരിസരം
നീ തന്ന ഇളനീർ മധുരവും
തേങ്ങക്കാമ്പിന്റെ രുചിയും
നീയും മനസ്സറിഞ്ഞ്
ഞങ്ങളെ സ്നേഹിച്ചിട്ടുണ്ട്
മറക്കാൻ കഴിയില്ല

ഇപ്പോൾ ഉപയോഗം
തീരെ കുറഞ്ഞെങ്കിലും
ഓലയും കൊതുമ്പും മടലും
ഇന്നും വിറകുപുരയിൽ
ചിതലിനോട് മല്ലിടുന്നുണ്ട്
ഓർമ്മയുടെ അവശിഷ്ടങ്ങളവ

ഖേദപൂർവ്വം നമ്മളിന്ന്
പിരിയുമ്പോൾ പുറത്ത്
കറുത്ത കാതലുള്ള നീ
കത്തി ചാമ്പലാകാനല്ലല്ലോ
പോകുന്നതിപ്പോളെന്ന
ആശ്വാസമെനിക്കുണ്ട്
കട്ടിലോ മേശയോ കസേരയോ
എതെങ്കിലുമൊരു വേഷത്തിൽ
പുതിയ രൂപത്തിൽ
എവിടെയെങ്കിലും നീ
സ്നേഹസ്പർശമേറ്റ് ഇനിയും
സേവിക്കുമല്ലോ മനുഷ്യരെ

പ്രായാധിക്യം  പ്രയോജനപ്പെടും
ചിലപ്പോളത് പ്രയാസവും
ചെറുപ്പത്തിന് ചുറുചുറുക്കും
ചേലുമുണ്ടാകിലും കാതലുണ്ടാകില്ല



                 



'

Friday, May 17, 2013

പതിവ് തെറ്റിക്കുന്നവർ

ഇന്നലെ പാൽ‍ക്കാരി
ഇന്ന് പത്രക്കാരൻ 
ഇനി ഒരുപക്ഷെ വേലക്കാരിയും
കാത്തിരിപ്പ്‌ വിഫലമാക്കും

നേരും നേരവും തെറ്റിക്കുന്നവരുടെ 
നിര പാതാളം വരെ  നീളുന്നു

മുന്നറിയിപ്പില്ലാതെ
മുടങ്ങുന്നവരും
മുടക്കുന്നവരും
മുതൽ മുടക്കില്ലാത്ത
മുതലെടുപ്പ്കാരാണ്
മുഖമില്ലാത്ത കോലങ്ങൾ

ആശ്രയിക്കുന്നവരെ
അലംഭാവംകൊണ്ട്
അലോസരപ്പെടുത്തുമ്പോൾ ‍
പ്രതീക്ഷകളല്ലാതെ മറ്റൊന്നും
പകരം വെയ്ക്കാനില്ലാത്തവർ ‍
പകച്ച്‌ മിണ്ടാപ്രാണികളാകുന്നു

അമർഷങ്ങൾ  ചവച്ചരച്ച്
അയവിറക്കി അജീർണ്ണം തടയുന്നു

ആവലാതികളും
ആത്മരോഷങ്ങളും
അങ്കലാപ്പുകളുമില്ലാത്ത മനസ്സ്
നരച്ച ആകാശം പോലെയാണ്

അനുഭവങ്ങളുടെ
അഭാവംകൊണ്ടല്ല
അരക്ഷിതാവസ്ഥകളുടെ
ആധിക്യം കൊണ്ടാണ്
അന്യർക്ക് ആട്ടിതെളിക്കാൻ
ജീവിതം വിട്ട് കൊടുക്കേണ്ടി വരുന്നത്

ഇന്ന്
പതിവ് തെറ്റിക്കാത്തത്
കാക്കകൾ മാത്രമാണ്





Thursday, March 28, 2013

അവർ


ആവിപറക്കുന്ന ചായയും ‍
ആരോറൂട്ട് ബിസ്കറ്റും പോലെ
ഒഴിവാക്കാന്‍ പറ്റാത്തതാണ്
കാലത്തെ  ദിനപത്രവും
തീന്മേശക്കരികിലെ
ഞങ്ങളുടെ മുഖാമുഖവും

ആവർത്തന വിരസമായ
പതിവ് പ്രഭാതങ്ങൾ ‍
പിന്നിയ പ്രതീക്ഷകളിലെ
ശൂന്യ വൃത്തങ്ങളാണ്

ആശങ്കകളുടെ ആകാശം
വിശാലമാകുന്നത്
ഞങ്ങൾക്കിടയിലെ
മൗനമഞ്ഞ്  ഉരുകിയൊഴിഞ്ഞാണ്‍

അടുത്തില്ലാത്ത മക്കളുടെ
സുഖ വിവരപ്പട്ടികയും
അവരുടെ പുതിയ ആവശ്യങ്ങളും
ശുപാർശ സഹിതം
സമർപ്പിച്ച്‌ പരിഹാരം തേടുന്നു
വേവലാതികളുടെ ആവിയിൽ
പൊള്ളിവെന്ത അമ്മ മനസ്സ്
ആർഭാടപ്പുറത്ത് സവാരിചെയ്യുന്ന
അവരുടെ സഞ്ചാര  ദിശ
അറിഞ്ഞിട്ടും അറിയാതെ
എൻറെ നെടുവീർപ്പുകോട്ടകൾ
കണ്ടിട്ടും കാണാതെ

മരുന്നുകൾക്ക് മോചിപ്പിക്കാൻ കഴിയാത്ത
ആതുരതയുടെ തടവറയിലും അവൾ
മക്കളെയോർത്ത് പെയ്യുന്നു
അസ്വസ്ഥതയുടെ അലകടലാകുന്നു
ആപത്തുകളെയകറ്റാൻ
പ്രാർത്ഥനയുടെ കൊടുമുടിയാകുന്നു

അവരല്ലാതെ
ഞങ്ങളിപ്പോൾ  എവിടെയുമില്ല



























 

Friday, January 11, 2013

വെറുതെ

വെറുതെ

ഇടവഴികള്‍ പലതും
പെരുവഴികളായപ്പോള്‍
പെരുകി കൊടുമയും
കൊടുവാള്‍ പ്രയോഗവും

മുള്ളുവേലിക്കു  പകരം
മതിലുകളുയര്‍ന്നപ്പോള്‍
മറവിയുടെ ശിലയാല്‍ മറഞ്ഞു ‌
പൂര്‍വസ്നേഹസ്തൂപങ്ങള്‍

നോക്കുകുത്തികള്‍
നീക്കുപോക്കുകാര്‍ സ്വയം
നിര്‍ണ്ണയമില്ലാത്തോര്‍
നെട്ടോട്ടമോടുന്നു ഇടംവലം ‍

നേര് തേടുവാന്‍ നേരമില്ല
നുണ വിറ്റു നേടും പെരുമ  ‍
നാണം തോരയിട്ട്
നായാട്ടിനിറങ്ങുന്നു  നാട് നീളെ ‌

കൊടുത്താല്‍ കിട്ടും സ്നേഹം
കരുതിവെയ്ക്കുന്നില്ല
വിളഞ്ഞത് വിത്തിനിടുന്ന
വിവേകവും പതിരായി